
















യുകെയിലെ ശരാശരി ഭവനവിലകള്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരിപ്പിച്ച മാസത്തില്‍ 1000 പൗണ്ടോളം വര്‍ദ്ധിച്ചതായി കണ്ടെത്തല്‍. എന്നാല്‍ നികുതി വേട്ട നടത്തിയ ശേഷം പല ഭാഗത്തും വില ഇടിയുകയും ചെയ്‌തെന്നാണ് പഠനം വ്യക്തമാകുന്നത്. ചാന്‍സലര്‍ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ച 2025 നവംബറില്‍ ശരാശരി മൂല്യം 271,188 പൗണ്ടായാണ് ഉയര്‍ന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു.
ഒക്ടോബര്‍ മാസത്തിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 0.3 ശതമാനമാണ് വര്‍ദ്ധന. എന്നാല്‍ പ്രാദേശിക തലത്തില്‍ ഇതില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എസ്റ്റേറ്റ് ഏജന്റ് പര്‍പ്പിള്‍ ബ്രിക്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഒരു മാസത്തിനിടെ 0.8 ശതമാനമാണ് ഇവിടെ ശരാശരി പ്രോപ്പര്‍ട്ടി വില ഇടിഞ്ഞത്. ഇപ്പോള്‍ 381,369 പൗണ്ടാണ് ശരാശരി വില. 
ഈസ്റ്റ് ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് 0.7 ശതമാനം വിലയും താഴ്ന്ന്, 338,286 പൗണ്ടിലെത്തി. വെയില്‍സില്‍ 0.6 ശതമാനം നഷ്ടപ്പെട്ട് 208,935 പൗണ്ടിലേക്കും എത്തി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 0.2 ശതമാനം കുറഞ്ഞ് 242,180 പൗണ്ടായാണ് കുറഞ്ഞത്.
അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിരക്കില്‍ 4.3 ശതമാനം വിലയാണ് ഉയര്‍ന്നത്, 193,247 പൗണ്ടാണ് ശരാശരി വില. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ 1.8 ശതമാനം വര്‍ദ്ധിച്ച് 166,568 പൗണ്ടായി. ലണ്ടനിലും ഒരു മാസക്കാലം മികച്ച പ്രകടനം കാഴ്ചവെച്ചു. തലസ്ഥാനത്ത് 1.3 ശതമാനം വില വര്‍ദ്ധിച്ച് 553,258 പൗണ്ടിലേക്കാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. യോര്‍ക്ക്ഷയര്‍ & ഹംബറില്‍ 209,236 പൗണ്ടിലേക്കും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ 216,741 പൗണ്ടിലേക്കും, സൗത്ത് വെസ്റ്റില്‍ 306,045 പൗണ്ടിലേക്കുമാണ് വില വര്‍ദ്ധിച്ചത്.