CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Minutes 55 Seconds Ago
Breaking Now

ഹെല്‍ത്ത് സെക്രട്ടറിക്ക് എന്ത് ലോക്ക്ഡൗണ്‍! വീക്കെന്‍ഡില്‍ ജനങ്ങള്‍ വീട്ടിലിരിക്കണമെന്ന പ്രധാനമന്ത്രിയുടെ അപേക്ഷ ഹെല്‍ത്ത് സെക്രട്ടറി പോലും അനുസരിച്ചില്ല; പാര്‍ക്കില്‍ കറങ്ങി ഹാന്‍കോക്; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജനത്തിരക്ക്; മാസ്‌ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പര്‍മാര്‍; എരിതീയില്‍ എണ്ണയുമായി ലോക്ക്ഡൗണ്‍ വിരുദ്ധരുടെ പ്രതിഷേധവും

ദേശീയ തലത്തിലും, വ്യക്തിപരമായ ശ്രമങ്ങളിലും ഒരു തരി പോലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിക്കുന്നത്

വീക്കെന്‍ഡില്‍ പുറത്തിറങ്ങി കറങ്ങരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന്റെ ചൂടാറായിട്ടില്ല. അതിന് മുന്‍പാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ലണ്ടനിലെ പാര്‍ക്കില്‍ സ്വന്തം പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് കളിക്കാന്‍ ഇറങ്ങിയത്. വീടിന് പുറത്തിറങ്ങുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കാന്‍ ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി വീഡിയോ പുറത്തുവിട്ടത്. ദിവസേനയുള്ള ഇന്‍ഫെക്ഷന്‍ നിരക്ക് കുറയുന്നതിനൊപ്പം വാക്‌സിനേഷനും മുന്നേറുന്നതിന്റെ ബലത്തില്‍ ജനങ്ങള്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുമെന്ന ഭയത്തിലാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. 

യാതൊരു രോഗലക്ഷണവുമില്ലാത്ത 'നിശബ്ദ വ്യാപനക്കാര്‍' പ്രതിസന്ധി സൃഷ്ടിക്കുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ ആരില്‍ നിന്നും വൈറസ് ലഭിച്ചേക്കാമെന്ന അവസ്ഥയാണ്. എന്നാല്‍ ഈ അഭ്യര്‍ത്ഥനയൊന്നും ജനങ്ങളുടെ ചെവിയില്‍ പതിച്ചില്ല. നോര്‍ത്ത് ലണ്ടനിലെ ക്യൂന്‍സ് പാര്‍ക്കിലാണ് റബ്ഗി ബോളുമായി ഹെല്‍ത്ത് സെക്രട്ടറി എത്തിയത്. മാസ്‌ക് ധരിക്കാതെ നടക്കുന്ന ഹാന്‍കോകിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കി മഹാമാരിയില്‍ നിന്നും പുറത്തുകടക്കാനുള്ള യത്‌നത്തിലാണ് സര്‍ക്കാര്‍. 

ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പരസ്യ പരമ്പര ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിമാര്‍. ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം സൂപ്പര്‍മാര്‍ക്കറ്റില്‍ പര്‍ച്ചേസിന് എത്തിയ പലരും മാസ്‌ക് ധരിക്കാതെയാണ് എത്തിയത്. 1295 കൊറോണാവൈറസ് മരണങ്ങളും, 41346 പുതിയ കേസുകളുമാണ് യുകെ ശനിയാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് മരണങ്ങള്‍ ആയിരത്തിന് മുകളില്‍ എത്തുന്നത്. 

ദേശീയ തലത്തിലും, വ്യക്തിപരമായ ശ്രമങ്ങളിലും ഒരു തരി പോലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിക്കുന്നത്. അടുത്ത മാസം പോലും ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കുന്നത് ദുരന്തം ക്ഷണിച്ച് വരുത്തുമെന്നാണ് സേജ് വിദഗ്ധരുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.