CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 29 Minutes 41 Seconds Ago
Breaking Now

ക്ഷമിക്കൂ ബ്രിട്ടന്‍! 1 ലക്ഷം ജീവനുകള്‍ കവര്‍ന്ന് കൊവിഡ്; യൂറോപ്പില്‍ ഈ നാഴികക്കല്ല് താണ്ടുന്ന ആദ്യ രാജ്യമായി യുകെ; പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിച്ച് ബോറിസ്; സര്‍ക്കാര്‍ സ്വീകരിച്ച ഓരോ നടപടിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി; പുതിയ കേസുകള്‍ അതിവേഗം താഴുന്നു!

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി ഫ്രണ്ട്‌ലൈനില്‍ സ്വന്തം ജീവന്‍ ത്യജിച്ച ഹീറോസിനെയും ആദരിക്കുമെന്ന് പ്രധാനമന്ത്രി

ഒടുവില്‍ ആ ഭയപ്പെടുത്തുന്ന നാഴികക്കല്ല് താണ്ടി യുകെ. കൊവിഡ് മഹാമാരിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു ലക്ഷം ജീവനുകളാണ് ബ്രിട്ടനില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഓരോ ജീവന്‍ നഷ്ടപ്പെട്ടതിലും ഖേദിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ ഘട്ടത്തില്‍ പ്രതികരിച്ചത്. മഹാമാരിയ്ക്ക് എതിരായ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. മരണസംഖ്യ കുറിച്ച് നിര്‍ത്താന്‍ കഴിയാവുന്നതെല്ലാം മന്ത്രിമാര്‍ ചെയ്‌തെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഒരു ലക്ഷം മരണങ്ങള്‍ സംഭിച്ച യൂറോപ്പിലെ ആദ്യത്തെ രാജ്യമാണ് യുകെ. വികാരപരമായ പത്രസമ്മേളനത്തിലാണ് ബോറിസ് ജോണ്‍സണ്‍ ജീവനുകള്‍ നഷ്ടപ്പെട്ടതിന്റെ കണക്കുകള്‍ അവതരിപ്പിച്ചത്. മരിച്ച ഓരോ ഇരയും ഒരു പിതാവും, അമ്മയും, സഹോദരനും, സഹോദരിയും, മകനും, മകളും, ഗ്രാന്റ് പാരന്റുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം ആശ്വാസത്തിന്റെ വെളിച്ചം പതിയെ ആണെങ്കിലും കടന്നുവരുന്നതായി പ്രൊഫ ക്രിസ് വിറ്റി കൂട്ടിച്ചേര്‍ത്തു. പുതിയ, കൂടുതല്‍ ഗുരുതരമായ മഹാമാരിയുടെ വ്യാപനത്തില്‍ രാജ്യം പീക്ക് എത്തിച്ചേര്‍ന്നതായാണ് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. 

കേസുകള്‍ അതിവേഗം താഴുന്നതായ ശുഭവാര്‍ത്തയും അദ്ദേഹം പങ്കുവെച്ചു. ജനുവരി 7ന് 68,000 കേസുകള്‍ രേഖപ്പെടുത്തിയ സമയത്ത് ഇന്നലെ 20,000 കേസുകളായി ചുരുങ്ങി. ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. എന്നിരുന്നാലും പൊതുജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രൊഫ വിറ്റി ഓര്‍മ്മിപ്പിച്ചു. ഈ ഘട്ടത്തില്‍ ഇളവുകള്‍ക്ക് ശ്രമിച്ചാല്‍ കേസുകളും, ആശുപത്രിയിലെ അഡ്മിഷനുകളും, കൊവിഡ് മരണങ്ങളും ഉയര്‍ന്ന് നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

മഹാമാരിയുടെ അവസാനത്തോടെ മാത്രമാണ് പാഠങ്ങള്‍ പഠിക്കാനും, ഇത് പ്രയോജനപ്പെടുത്താനും സാധിക്കുക. നഷ്ടപ്പെട്ട ഓരോ ജീവനുകളെയും സ്മരിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി ഫ്രണ്ട്‌ലൈനില്‍ സ്വന്തം ജീവന്‍ ത്യജിച്ച ഹീറോസിനെയും ആദരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഓരോ ജീവന്‍ നഷ്ടപ്പെട്ടതിലും ഞാന്‍ ഖേദിക്കുന്നു, പ്രധാനമന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ ചെയ്ത എല്ലാത്തിന്റെ ഉത്തരവാദിത്വം എനിക്കാണ്, ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.