CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 17 Seconds Ago
Breaking Now

ഈസ്റ്റ് ഹള്ളില്‍ വീട്ടിലുണ്ടായ വന്‍തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികള്‍; അഗ്നിയില്‍ അമര്‍ന്ന വീട്ടില്‍ നിന്നും രണ്ട് പേരെ രക്ഷപ്പെടുത്തിയത് ഫയര്‍ ഫൈറ്റേഴ്‌സ്; ഞെട്ടല്‍ രേഖപ്പെടുത്തി അയല്‍വാസികള്‍

ഹംബര്‍സൈഡ് ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസും, ഹംബര്‍സൈഡ് പോലീസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈസ്റ്റ് ഹള്ളിലെ വീട്ടിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട് മലയാളികള്‍. ഞായറാഴ്ച രാവിലെയാണ് ഹള്ളിലെ വീട് അഗ്നിയില്‍ മുങ്ങിയതോടെ ഫയര്‍ ഫൈറ്റേഴ്‌സ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. വീടിനകത്ത് കുടുങ്ങിയ രണ്ട് പേരെ ഇവര്‍ രക്ഷിച്ച് പുറത്തെത്തിച്ചു. 

ക്ലാരെന്‍സ് അവന്യൂവിന് സമീപമുള്ള ഡല്‍ഹി സ്ട്രീറ്റിലാണ് ജനുവരി 24ന് പുലര്‍ച്ചെ തീപിടുത്തം ഉണ്ടായത്. നാല് താമസക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായതിനാല്‍ ഐസിയുവിലായിരുന്നു. ഒരു കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ് .ഒരു പെണ്‍കുട്ടിയും മൂന്നു ആണ്‍കുട്ടികളുമാണ് വീട്ടില്‍ അകപ്പെട്ടത്.രണ്ട് ആണ്‍കുട്ടികളെ ഫയര്‍ അധികൃതര്‍ രക്ഷിച്ചത്. 

തിരുവനന്തപുരം സ്വദേശിനിയും എറണാകുളത്തു നിന്നുള്ള രണ്ടു പേരും കോട്ടയം സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ത്ഥികളായ നാലു പേര്‍ അസൈന്‍മെന്റിന്റെ ഭാഗമായി ഒത്തുചേര്‍ന്നതാണ്. രണ്ടുപേര്‍ താമസിക്കുന്ന വീട്ടിലേക്ക് മറ്റു രണ്ടുപേരും കൂടി എത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നരയോടെ അസൈന്‍മെന്റ് പൂര്‍ത്തിയാക്കി ഇതിനിടയിലാണ് അപകടം സംഭവിച്ചത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഹംബര്‍സൈഡ് ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസും, ഹംബര്‍സൈഡ് പോലീസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടായത് എങ്ങിനെയെന്ന് കണ്ടെത്താന്‍ സമ്പൂര്‍ണ്ണ അന്വേഷണം നടന്നുവരികയാണെന്ന് ഹംബര്‍സൈഡ് പോലീസ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി റോബിന്‍സണ്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ട നാല് പേരെ ഹള്‍ റോയല്‍ ഇന്‍ഫേര്‍മറിയിലാണ് പ്രവേശിപ്പിച്ചത്. നാല് പേര്‍ക്കും പുക ശ്വസിച്ചത് മൂലമുള്ള പ്രശ്‌നങ്ങളും, പൊള്ളലും ഏറ്റിരുന്നതായി ഫയര്‍ & റെസ്‌ക്യൂ അധികൃതര്‍ വ്യക്തമാക്കി. ആംബുലന്‍സുകളിലാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. നിലവില്‍ തീപിടിക്കാന്‍ ഉള്ള കാരണം വ്യക്തമല്ല. 

പോസ്റ്റ്ഗ്രാജുവേഷന്‍ പഠനത്തിന്റെ ഭാഗമായുള്ള അസൈന്‍മെന്റ് വര്‍ക്കുകള്‍ക്കായി നാലു പേരും കമ്പൈന്‍ സ്റ്റഡിയിലായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ വീടു മുഴുവന്‍ കത്തി നശിച്ചു. ഷെഫീല്‍ഡില്‍ നിന്നുള്ളവരാണ് രണ്ടുപേര്‍. 

ആശങ്കപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേട്ടാണ് പുലര്‍ച്ചെ തങ്ങള്‍ ഉണര്‍ന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. അലര്‍ച്ചയും, തീയുടെയും ശബ്ദമാണ് കേട്ടത്. ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് നോക്കുമ്പോഴാണ് തീപിടുത്തം ശ്രദ്ധിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടത് മലയാളികളാണെന്ന വാര്‍ത്ത ബ്രിട്ടനിലെ മലയാളി സമൂഹത്തെ അപ്പാടെ ഞെട്ടലിലാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.