CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 21 Seconds Ago
Breaking Now

ചരിത്രം വഴിമാറും പോപ്പ് വരുമ്പോള്‍! ഇറാഖിലെ ചരിത്ര സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ബാഗ്ദാദ് കത്തീഡ്രലില്‍ കുര്‍ബാന നയിച്ച് പോപ്പ് ഫ്രാന്‍സിസ്; ക്രിസ്ത്യന്‍ പൗരന്‍മാര്‍ക്കും ഇറാഖില്‍ സമാധാനത്തോടെ ജീവിക്കണം; മാസ്‌ക് ധരിച്ചില്ലെന്ന് വിമര്‍ശനം

ഇറാഖില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ ശക്തമല്ലാത്തതിനാല്‍ ചര്‍ച്ചില്‍ മാസ്‌ക് ധരിച്ചാണ് വിശ്വാസികള്‍ എത്തിയത്

ഇറാഖിലേക്ക് നടത്തിയ ചരിത്രപ്രാധാന്യമുള്ള ആദ്യ യാത്രയില്‍ കുര്‍ബാന നയിച്ച് പോപ്പ് ഫ്രാന്‍സിസ്. മാസ്‌ക് ധരിക്കാതെയാണ് പോപ്പ് കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. കൊറോണാവൈറസ് വിലക്കുകള്‍ മൂലം മാസ്‌ക് ധരിച്ച ചുരുങ്ങിയ വിശ്വാസി സംഘത്തെ സാക്ഷിയാക്കിയാണ് കുര്‍ബാന നടന്നത്. കൊവിഡ്-19 വാക്‌സിനേഷന്‍ ലഭിച്ചതിന് ശേഷമാണ് വത്തിക്കാന്‍ സംഘത്തോടൊപ്പം 84-കാരനായ പോപ്പും ഇറാഖ് സന്ദര്‍ശനത്തിന് എത്തിയത്. 

ബാഗ്ദാദിലെ സെന്റ് ജോസഫ്‌സ് കത്തീഡ്രലിലാണ് ചരിത്രത്തില്‍ ആദ്യത്തെ കുര്‍ബാനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കിയത്. ഗള്‍ഫിലേക്ക് നടത്തുന്ന നാല് ദിവസത്തെ യാത്രയുടെ രണ്ടാം ദിവസം പോപ്പ് ഫ്രാന്‍സിസ് ഷിയാ പുരോഹിതന്‍ ഗ്രാന്‍ഡ് അയാത്തൊള്ളാ അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാഖി ക്രിസ്ത്യന്‍ പൗരന്‍മാര്‍ക്കും മറ്റുള്ളവരെ പോലെ ശാന്തിയിലും, സുരക്ഷിതമായും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഷിയാ പുരോഹിതന്‍ പോപ്പിനോട് വ്യക്തമാക്കി. 

നജാഫില്‍ വെച്ച് പോപ്പിനെ കണ്ടശേഷം ക്രിസ്ത്യന്‍ പൗരന്‍മാര്‍ക്കും മറ്റ് ഇറാഖികളെ പോലെ പൂര്‍ണ്ണമായ ഭരണഘടനാ അവകാശങ്ങളോടെ ജീവിക്കണമെന്ന് ഗ്രാന്‍ഡ് അയാത്തൊള്ളാ അഭിപ്രായം പങ്കുവെച്ചു. വര്‍ഷങ്ങളായി നടക്കുന്ന വംശീയ വേട്ടയാടലും, അക്രമങ്ങളും മൂലം ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എണ്ണം ചുരുങ്ങി വരികയാണ്. 2003ല്‍ 1.5 മില്ല്യണ്‍ ക്രിസ്ത്യന്‍ വിശ്വസികളുണ്ടായെങ്കില്‍ നിലവില്‍ ഇത് വെറും 4 ലക്ഷമായാണ് ചുരുങ്ങിയിരിക്കുന്നത്. 

ചരിത്രത്തില്‍ ആദ്യമായാണ് ഇറാഖ് മണ്ണില്‍ ഒരു പോപ്പ് കുര്‍ബാന നയിക്കുന്നത്. സെന്റ് ജോസഫ്‌സ് കത്തീഡ്രലാണ് ആ ചരിത്ര നിമിഷത്തിന് വേദിയായത്. 'സ്‌നേഹമാണ് നമ്മുടെ ശക്തി. ജീസസിന്റെ പേരില്‍ മുന്‍വിധികളും, അപമാനങ്ങളും, മോശം പരിചരണവും, വംശഹത്യയും നേരിട്ട നമ്മുടെ സഹോദരന്‍മാരും, സഹോദരിമാര്‍ക്കും ശക്തിയേകുന്ന ശ്രോതസ്സാണത്', അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഇറാഖില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ ശക്തമല്ലാത്തതിനാല്‍ ചര്‍ച്ചില്‍ മാസ്‌ക് ധരിച്ചാണ് വിശ്വാസികള്‍ എത്തിയത്. തെരുവില്‍ കുട്ടികള്‍ നിരന്ന് ഇറാഖി, വത്തിക്കാന്‍ പതാകകള്‍ വീശിയാണ് പോപ്പ് ഫ്രാന്‍സിസിനെ വരവേറ്റത്. 




കൂടുതല്‍വാര്‍ത്തകള്‍.