ബ്രിട്ടന് കൊറോണാവൈറസ് ലോക്ക്ഡൗണില്‍ നിന്നും മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുറത്തുകടക്കുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍. വിലക്കുകള്‍ നീക്കുന്നത് മരണസംഖ്യ വീണ്ടും ഉയര്‍ത്തുമെന്ന ആശങ്ക പടര്‍ത്തി സേജ് മോഡലിംഗ് പുറത്തുവന്നതിന് പിന്നാലെയാണ് ഇതിന് വിരുദ്ധമായാണ് സംഭവിക്കുകയെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ വ്യക്തമാക്കുന്നത്. കൊറോണാവൈറസ് വാക്‌സിന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതാണ് ബ്രിട്ടന് ഈ ഗുണഫലം സമ്മാനിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യുകെയിലെ രണ്ടാം കൊറോണ വ്യാപനം കൃത്യമായി പ്രവചിച്ച വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡോ. മൈക്ക് ടില്‍ഡെസ്ലിയാണ് കാര്യങ്ങള്‍ ശുഭസൂചകമാണെന്ന് വ്യക്തമാക്കുന്നത്. സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ഇന്‍ഫെക്ഷനുകള്‍ കുതിച്ചില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. 'അടുത്ത ഏതാനും ആഴ്ചകള്‍ കൂടി കേസുകള്‍ നിലവിലെ അവസ്ഥയില്‍ കുറയുന്നത് തുടര്‍ന്നാല്‍ റോഡ്മാപ്പ് കൃത്യമായി നടക്കുന്നുവെന്ന് പറയാം, കൂടാതെ ഇത് വേഗത്തിലാക്കാനും സാധിക്കും', എല്‍ബിസി റേഡിയോയില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് മോഡലര്‍ പറഞ്ഞു.
അതേസമയം ഇതിന് വിരുദ്ധമായ നിലപാടാണ് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ എമര്‍ജന്‍സീസ്- സേജ് പുറത്തുവിട്ട രേഖകള്‍ വാദിച്ചത്. ജൂണില്‍ വിലക്കുകള്‍ സമ്പൂര്‍ണ്ണമായി മാറ്റുന്നത് ഈ വേനല്‍ക്കാലത്ത് പ്രതിദിനം ആയിരത്തിലേറെ മരണങ്ങള്‍ക്ക് കാരണമാകുമെന്നും, എന്‍എച്ച്എസിനെ വീണ്ടുമൊരു തകര്‍ച്ചയ്ക്ക് അരികിലേക്ക് എത്തിക്കുമെന്നുമാണ് സേജ് ഭയപ്പെടുത്തിയത്. രാജ്യത്ത് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെങ്കിലും പ്രവചിക്കപ്പെടുന്ന രീതിയില്‍ ഭയാനകമാകില്ല സ്ഥിതിയെന്ന് ഡോ. ടില്‍ഡെസ്ലി പറഞ്ഞു. സേജ് പേപ്പറുകള്‍ പുറത്തുവിട്ട് ഭയപ്പെടുത്തി കൊറോണാവൈറസ് വിലക്കുകള്‍ നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
സാമൂഹിക അകലവും, മാസ്‌ക് ധരിക്കലും, കൊവിഡ് വാക്‌സിന്‍ പാസ്‌പോര്‍ട്ടും വീണ്ടുമൊരു വര്‍ഷം കൂടി ആവശ്യമായി വരുമെന്നാണ് സേജ് വാദിക്കുന്നത്. വിലക്കുകള്‍ നീക്കിയാലും കേസുകള്‍ ഉയരാതിരിക്കാന്‍ ഈ വിധത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്നാണ് സേജ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം ഭയപ്പെടുത്തുന്ന പ്രവചനങ്ങള്‍ക്ക് അരികില്‍ പോലും മുന്‍പത്തെ അവസ്ഥകള്‍ എത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.