വീട്ടുകാര്‍ അന്വേഷിച്ചിട്ട് കണ്ടെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിയെ തങ്ങള്‍ അന്വേഷിച്ചാലും കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് കൈയൊഴിച്ച പോലീസിന് ഒടുവില്‍ കിട്ടിയത് 19-കാരന്റെ മൃതദേഹം. വെസ്റ്റ് ലണ്ടനിലെ വീട്ടില്‍ നിന്നും കാണാതായ റിച്ചാര്‍ഡ് ഒകോറോഗെയെയുടെ മൃതദേഹമാണ് എപ്പിംഗ് ഫോറസ്റ്റില്‍ നിന്നും കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച എസെക്‌സ് പോലീസില്‍ നിന്നുള്ള ഓഫീസര്‍മാര്‍ മൃതദേഹം കണ്ടെത്തിയെങ്കിലും ഇത് ഔദ്യോഗികമായി തിരിച്ചറിയാന്‍ സമയം ആവശ്യമായി വന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി ഈ ഘട്ടത്തില്‍ സംശയിക്കുന്നില്ലെന്ന് ഡിറ്റക്ടീവ്‌സ് വ്യക്തമാക്കി. 'ഔദ്യോഗിക തിരിച്ചറിയല്‍ നടത്തിയിട്ടുണ്ട്, മൃതദേഹം 19-കാരന്‍ റിച്ചാര്‍ഡിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് 22ന് ലാഡ്‌ബ്രോക് ഗ്രോവിലെ വീട്ടില്‍ നിന്നാണ് റിച്ചാര്‍ഡിനെ കാണാതായത്. കാണാതായ വിവരം മാര്‍ച്ച് 24നാണ് റിപ്പോര്‍ട്ട് ചെയ്തത്', സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശാരീരികമായി അക്രമങ്ങള്‍ ഏറ്റതിന് തെളിവുകള്‍ കണ്ടെത്താനായില്ല. റിച്ചാര്‍ഡിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. റിച്ചാര്‍ഡിന്റെ കുടുംബത്തിനൊപ്പമാണ് ചിന്തകളും, പ്രാര്‍ത്ഥനയുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി സമ്മര്‍ദം താങ്ങാന്‍ കഴിയാതെ, കൊവിഡ് 19 ലോക്ക്ഡൗണ്‍ ഷീല്‍ഡിംഗിലായിരുന്നു മകനെന്ന് അമ്മ എവിഡെന്‍സ് ജോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിക്കിള്‍ സെല്‍ രോഗം ബാധിച്ചിരുന്ന റിച്ചാര്‍ഡ് ആശുപത്രിയില്‍ പോകാനാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നത്. കുടുംബം അന്വേഷിച്ചിട്ട് കാണുന്നില്ലെങ്കില്‍ തങ്ങള്‍ അന്വേഷിച്ചാലും ഇതൊക്കെയാകും ഫലമെന്ന് പോലീസ് പറഞ്ഞ് കൈയൊഴിഞ്ഞതോടെയാണ് ഈ കേസ് ദേശീയ ശ്രദ്ധയിലെത്തിയത്. ഇതിന് ശേഷം പോലീസ് സജീവമായി ഇടപെട്ടെങ്കിലും കൗമാരക്കാരന്റെ മൃതദേഹമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.