CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 32 Seconds Ago
Breaking Now

രാജകുടുംബത്തില്‍ ജീവിക്കുന്നത് പരോളില്ലാത്ത ജീവപര്യന്തം പോലെ! സത്യം പറഞ്ഞ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിനെ കുരിശില്‍ തറച്ച് ഒരു വിഭാഗം; കുഞ്ഞാടുകളുടെ എണ്ണം കൂട്ടാന്‍ നോക്കുന്നതിന് പകരം അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് കുറ്റപ്പെടുത്തല്‍; ഹാരിയുടെയും, മെഗാന്റെയും വിവാഹ വിഷയം വെളിപ്പെടുത്തിയപ്പോള്‍ ജസ്റ്റിന്‍ വെല്‍ബിയെ പൊക്കിപ്പിടിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുപറ്റി?

മഹാമാരിക്ക് ശേഷം പള്ളികളിലേക്ക് വിശ്വാസികളെ തിരിച്ചെത്തിക്കാനുള്ള വഴിനോക്കുന്നതാണ് ചര്‍ച്ച് മേധാവിക്ക് നല്ലതെന്നാണ് വിമര്‍ശകരുടെ നിലപാട്

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ജീവിക്കുന്നത് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത് പോലെയാണെന്ന് അഭിപ്രായപ്പെട്ട് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും രാജകുടുംബത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ കോലാഹലങ്ങള്‍ക്കിടയിലാണ് സത്യാവസ്ഥ വെളിപ്പെടുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മേധാവി രംഗത്ത് വന്നത്. എന്നാല്‍ ഹാരിയ്ക്കും, മെഗാനും എതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ എത്തിയപ്പോള്‍ ലഭിച്ച പിന്തുണ ജസ്റ്റിന്‍ വെല്‍ബിക്ക് ഇക്കുറി ലഭിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. 

കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും, ഇതിന് പകരം കുഞ്ഞാടുകളുടെ എണ്ണം കൂട്ടാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും വരെ കുറ്റപ്പെടുത്തല്‍ നേരിടുകയാണ്. രാജകീയ ഡ്യൂട്ടികള്‍ ഉപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയ സസെക്‌സ് ദമ്പതികളെ പിന്തുണയ്ക്കുന്നുവെന്ന് തോന്നിയതോടെയാണ് വിമര്‍ശകര്‍ ജസ്റ്റിന്‍ വെല്‍ബിക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. രാജകുടുംബത്തെ കുറിച്ച് ബ്രിട്ടീഷ് പൊതുജനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത പ്രതീക്ഷയാണുള്ളതെന്നാണ് 65-കാരനായ ആര്‍ച്ച്ബിഷപ്പ് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചത്. 'അവര്‍ സൂപ്പര്‍ഹ്യൂമനായി പ്രവര്‍ത്തിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു', അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സെലിബ്രിറ്റി പദവിയില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ ഹാരി ബുദ്ധിമുട്ട് നേരിടുമെന്ന് ആര്‍ച്ച്ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. എഡ്വാര്‍ഡ് എട്ടാമന്റെ അനുഭവമാണ് ഇതിന് ഉദാഹരണമായി ഇദ്ദേഹം ചൂണ്ടിക്കാണിച്ചത്. 2018 മെയില്‍ നടന്ന ഹാരി, മെഗാന്‍ വിവാഹത്തിന് നേതൃത്വം നല്‍കിയത് ജസ്റ്റിന്‍ വെല്‍ബിയാണ്. വിവാഹം മൂന്ന് ദിവസം മുന്‍പ് നടന്നതായി ഒപ്രാ വിന്‍ഫ്രേ അഭിമുഖത്തില്‍ മെഗാന്‍ അവകാശപ്പെട്ടെങ്കിലും ആര്‍ച്ച്ബിഷപ്പ് ഇത് തള്ളിയിരുന്നു. പക്ഷെ അന്ന് സത്യം പറഞ്ഞതിന് ജസ്റ്റിന്‍ വെല്‍ബിയെ വാനോളം ഉയര്‍ത്തിയപ്പോള്‍ പുതിയ സത്യത്തിന് ആര്‍ച്ച്ബിഷപ്പിനെ കുരിശിലേറ്റാനാണ് വിമര്‍ശകരുടെ ശ്രമം. 

മഹാമാരിക്ക് ശേഷം പള്ളികളിലേക്ക് വിശ്വാസികളെ തിരിച്ചെത്തിക്കാനുള്ള വഴിനോക്കുന്നതാണ് ചര്‍ച്ച് മേധാവിക്ക് നല്ലതെന്നാണ് വിമര്‍ശകരുടെ നിലപാട്. സേവനത്തെ പരോളായി താരതമ്യം ചെയ്യുന്നത് എങ്ങിനെയെന്നാണ് രാജ്ഞിയുടെ മുന്‍ പ്രസ് സെക്രട്ടറി രോഷം കൊണ്ടത്. എന്തായാലും ഹാരിയും, മെഗാനും രക്ഷപ്പെട്ടത് വെറുതെയല്ലെന്ന സൂചനയാണ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.