CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 59 Seconds Ago
Breaking Now

പിണറായി മന്ത്രിസഭയിലെ അഞ്ചാമത്തെ വിക്കറ്റ് വീണു; ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങിയ കെ.ടി. ജലീല്‍ രാജിവെച്ചു; മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവോടെ മുഖ്യനും കൈവിട്ടു

സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ പല വിവാദങ്ങളിലും കെ.ടി. ജലീലിന്റെ പേര് ഉയര്‍ന്നപ്പോഴും സംരക്ഷിച്ച് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വഴുതിവീണിട്ടും മുഖ്യമന്ത്രിയുടെ പിന്തുണയില്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിയ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. സ്വന്തം പദവി ദുരുപയോഗം ചെയ്ത് ബന്ധുവിന് നിയമനം നല്‍കിയെന്ന് ലോകായുക്ത നിലപാട് സ്വീകരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ജലീലിന്റെ രാജി. 

മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. താന്‍ രാജിവെയ്ക്കുകയാണെന്ന് ജലീല്‍ ഫേസ്ബുക്കിലും സ്ഥിരീകരിച്ചു. ലോകായുക്ത ഉത്തരവിന് എതിരെ കേരള ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി. ജലീലിന് എതിരെ നിലപാട് സ്വീകരിച്ച ലോകായുക്ത മന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ അബീദിനെ നിയോഗിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന പരാതിയിലാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബാങ്കില്‍ മാനേജരായി ജോലി ചെയ്യവെയാണ് അദീബിന് സര്‍ക്കാര്‍ തസ്തിക ലഭിച്ചത്. ഇതിനായി കെ.ടി. ജലീല്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. 

സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ പല വിവാദങ്ങളിലും കെ.ടി. ജലീലിന്റെ പേര് ഉയര്‍ന്നപ്പോഴും സംരക്ഷിച്ച് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ ലോകായുക്ത ഉത്തരവ് കൂടി വന്നതോടെയാണ് മുഖ്യമന്ത്രിയും കൈവിട്ടത്. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുന്ന അഞ്ചാമനായി ജലീല്‍ മാറി. 

തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ജലീല്‍ മന്ത്രിയായി തിരിച്ചുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.