
















ഇന്ത്യ ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതപാത ഉറപ്പാക്കാന്‍ ഇറാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചതായി ഇറാന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഫതാലി. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കും ഇറാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എ.എന്‍.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാനുമായി യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ക്കുമുന്നിലാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചത്. സുഹൃത് രാജ്യങ്ങള്‍ക്ക് സുരക്ഷിത സമുദ്രപാതയൊരുക്കുമെന്നത് ഇറാന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍, അത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് അനിവാര്യമായതെല്ലാം ഇറാന്‍ ചെയ്യുന്നുണ്ട്.
ഇറാനുമേല്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം ആധുനിക കാടത്തമാണെന്ന് മുഹമ്മദ് ഫതാലി പറഞ്ഞു. കുട്ടികളുടെ കുരുതി, വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും സര്‍വകലാശാലകള്‍ക്കും നേരേയുള്ള ആക്രമണം തുടങ്ങിയവ അത്യന്തം മനുഷ്യത്വഹീനമാണ്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുകയോ യുദ്ധത്തിന് തുടക്കമിടുകയോ ചെയ്തിട്ടില്ല. ഇറാനുമേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചാല്‍ അത് എപ്പോള്‍ അവസാനിപ്പിക്കണമെന്ന കാര്യം ഇറാന്‍ തീരുമാനിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.