CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 21 Minutes 18 Seconds Ago
Breaking Now

മൂന്നല്ല, ബ്രിട്ടനില്‍ നാലാം വ്യാപനവും റെഡി! കൊവിഡിന് പുറമെ ഇക്കുറി ശൈത്യകാലവും ദുരിതമായി മാറുമെന്ന് സേജ് വിദഗ്ധന്റെ മുന്നറിയിപ്പ്; കൊവിഡ് കേസുകളില്‍ 24 ശതമാനം വര്‍ദ്ധന, ആറ് മരണം; വര്‍ഷാന്ത്യത്തില്‍ വേരിയന്റുകള്‍ കൂടുതല്‍ ലക്ഷ്യമിടുക കുട്ടികളെയും, പ്രായമായവരെയും; ലോക്ക്ഡൗണ്‍ വീണ്ടും വരും?

പുതിയ റെസ്പിറേറ്ററി വൈറസുകള്‍ രൂപപ്പെടുകയും, ലോക്ക്ഡൗണുകള്‍ ആവശ്യമായി വരികയും ചെയ്യാമെന്ന് സേജ് വിദഗ്ധന്‍

ബ്രിട്ടന്‍ ഇപ്പോള്‍ കടന്നുപോകുന്നത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ്. മൂന്നാം വ്യാപനം ഏത് സമയത്തും തിരിച്ചെത്താമെന്ന ഭീതിയിലാണ് അധികൃതര്‍. ഇതിനിടയിലാണ് മൂന്നിലും കാര്യങ്ങള്‍ ഒതുങ്ങാതെ നാലാം വ്യാപനത്തിലേക്കും രാജ്യം കടന്നുപോകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ കാല്‍ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുകയും, ആറ് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ദുരിതമയമായ ശൈത്യകാലവും പിന്നാലെ വരുന്നുണ്ടെന്ന് സേജ് വിദഗ്ധന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. 

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഒടുവില്‍ പുറത്തുവിട്ട കണക്കുകളില്‍ 9284 പേര്‍ കൂടി കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ ആഴ്ചയേക്കാള്‍ 24 ശതമാനം വര്‍ദ്ധനവാണിത്. മരണസംഖ്യ കുറയുന്നത് വാക്‌സിനേഷന്‍ പ്രോഗ്രാം മരണനിരക്കിനെ പിടിച്ചുനിര്‍ത്തുന്നുവെന്നതിന് തെളിവായി മാറുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും രാജ്യം ലോക്ക്ഡൗണ്‍ മുക്തമാകില്ലെന്നാണ് സേജ് അംഗമായി സര്‍ക്കാരിനെ ഉപദേശിക്കുന്ന പ്രൊഫസര്‍ കാലം സെമ്പിള്‍ മുന്നറിയിപ്പ് നല്‍കി. പുതിയ റെസ്പിറേറ്ററി വൈറസുകള്‍ രൂപപ്പെടുകയും, ലോക്ക്ഡൗണുകള്‍ ആവശ്യമായി വരികയും ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. 

'ശൈത്യകാലം കൂടുതല്‍ ദുരിതമായി മാറുമെന്നാണ് എന്റെ സംശയം. കാരണം ഈ ഘട്ടത്തില്‍ മറ്റ് റെസ്പിറേറ്ററി വൈറസുകള്‍ തിരിച്ചെത്തും, അതിശക്തമായി നമ്മളെ കടിക്കുകയും ചെയ്യും. ഇതിന് ശേഷം അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. മഹാമാരി മൂലം നിലനില്‍ക്കുന്ന സാമൂഹിക അകലം ഗര്‍ഭിണികളെയും, നവജാത ശിശുക്കളെയും സാധാരണ വൈറസുകളില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ട്. മഹാമാരി അവസാനിക്കുമ്പോള്‍ ഇത് തിരിച്ചടിക്കുകയും, നാലാം വ്യാപനം ശൈത്യകാലത്ത് എത്തുകയും ചെയ്യും', അദ്ദേഹം വ്യക്തമാക്കി. 

ബ്രോങ്കിയോലൈറ്റിസ്, സാമൂഹികമായുള്ള കുട്ടികളിലെയും, പ്രായമായവരിലെയും ന്യൂമോണിയ, വാക്‌സിന്‍ എടുക്കാത്തവരെ ബാധിക്കുന്ന മറ്റ് ശ്വാസകോശ വൈറസുകള്‍ എന്നിവയാണ് ഉയരാന്‍ ഇടയുള്ളതെന്ന് പ്രൊഫസര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നാലാം വ്യാപനം മുന്‍ വ്യാപനങ്ങളേക്കാള്‍ കടുപ്പം കുറഞ്ഞതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.