രാജകുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞ ഹാരി രാജകുമാരന്‍ എഴുത്താരനാകുന്നു. തന്റെ ജീവിതകഥയാണ് ഹാരി പുസ്തക രൂപത്തിലാക്കുന്നത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പുസ്തകത്തെ കുറിച്ച് പിതാവ് ചാള്‍സിനെ ഹാരി അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തോളമായി രാജകുടുംബത്തിലെ തന്റെ ജീവിതത്തെ കുറിച്ച് പുസ്തകം എഴുതാന്‍ 36-കാരനായ സസെക്‌സ് ഡ്യൂക്ക് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനാണ് വിറ്റിരിക്കുന്നത്.
പുലിസ്തര്‍ ജേതാവ് ഗോസ്റ്റ്‌റൈറ്റര്‍ ജെ.ആര്‍. മോയെറിംഗറിനൊപ്പം ചേര്‍ന്നാണ് ഹാരി രാജകുമാരന്‍ ഇത് എഴുതുന്നത്. ഒരു മുതിര്‍ന്ന രാജകുടുംബ അംഗത്തില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കമെന്നാണ് ഈ പുസ്തകം എഴുത്തിനെ വിലയിരുത്തുന്നത്. കൈയെഴുത്ത് പ്രതിയുടെ ആദ്യ രൂപം നിലവില്‍ പൂര്‍ത്തീകരണത്തിന്റെ അരികിലാണെന്നാണ് റിപ്പോര്‍ട്ട്. പേര് നിശ്ചയിക്കാത്ത പുസ്തകത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ഒക്ടോബറില്‍ സമര്‍പ്പിക്കും.
മില്ല്യണ്‍ കണക്കിന് തുകയ്ക്കാണ് രാജകുമാരന്‍ തന്റെ ജീവിതം പുസ്തകത്താളുകളില്‍ രചിക്കുന്നത്. കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതില്‍ നിന്നുള്ള വരുമാനം ചാരിറ്റികള്‍ക്ക് നല്‍കാനാണ് ഹാരി രാജകുമാരന്റെ തീരുമാനമെന്ന് റാന്‍ഡം ഹൗസ് വ്യക്തമാക്കി. ഹാരി പുസ്തകം എഴുതുന്നതായി വ്യക്തമായതോടെ രാജകീയ വിദഗ്ധര്‍ ഇതിന് പിന്നിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. മെഗ്‌സിറ്റ് സംബന്ധിച്ച് സുദീര്‍ഘമായി പ്രസംഗിച്ച ശേഷം ഇനി പുസ്തകം എഴുതുന്നത് എന്തിനെന്നാണ് ഇവരുടെ ചോദ്യം.
20 മില്ല്യണ്‍ ഡോളര്‍, ഏകദേശം 14.6 മില്ല്യണ്‍ പൗണ്ട് അഡ്വാന്‍സായി ഹാരിക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 'ജനിച്ചുവീണ രാജകുമാരനായല്ല, വളര്‍ന്നുവലുതായി തീര്‍ന്ന മനുഷ്യനായാണ് ഇത് എഴുതുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തൊപ്പികളും അണിഞ്ഞു, ഉയര്‍ച്ചകളും, താഴ്ചകളും, തെറ്റുകളും, പഠിച്ച പാഠങ്ങളുമുണ്ട്. എന്റെ കഥ പറയുന്നതിലൂടെ എവിടെ നിന്ന് വന്നാലും നമുക്ക് പരസ്പരം ബന്ധമുള്ള നിരവധി കാര്യങ്ങളുണ്ടെന്ന് കാണിച്ച് തരാന്‍ കഴിയും', ഇത് സത്യസന്ധമായ എഴുത്തായിരിക്കുമെന്നും ഹാരി വ്യക്തമാക്കി.