ബ്രിട്ടനിലെ കെയര്‍ ഹോമുകള്‍ കൊവിഡ് മഹാമാരിക്കിടെ നേരിട്ടത് വലിയ പ്രതിസന്ധിയാണ്. ഒരുമിച്ച് കഴിയുന്ന വിവിധ രോഗങ്ങളുള്ള പ്രായമായവരെ സംരക്ഷിക്കാന്‍ വേണ്ടുന്നതൊന്നും ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ചെയ്തു നല്‍കിയില്ല. എന്നുമാത്രമല്ല ആശുപത്രികളില്‍ നിന്നും രോഗികളെ വൈറസ് മാറിയോയെന്ന് പോലും ഉറപ്പിക്കാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ച് വൈറസ് പടരാന്‍ വഴിയൊരുക്കുകയും ചെയ്തു.
എന്നാല്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിച്ചത് കെയര്‍ ഹോം അന്തേവാസികളും, അവിടുത്തെ കെയര്‍ ജീവനക്കാരും, നടത്തിപ്പുകാരുമാണ്. തന്റെ ഉടമസ്ഥതയിലുള്ള കെയര്‍ ഹോമില്‍ മഹാമാരിക്കിടെ അന്തേവാസികള്‍ മരിച്ച് വീഴുകയും, രോഗബാധിതരായ ജീവനക്കാര്‍ക്ക് ആവശ്യമായ പിപിഇ പോലും ലഭിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്ത അനുഭവങ്ങള്‍ ഒരു കെയര്‍ ഹോം ബോസിനെ ആത്മഹത്യയിലേക്കാണ് നയിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.
വെയില്‍സ് റെക്‌സാമിലെ ഗ്വാസ്റ്റഡ് ഹാള്‍ നഴ്‌സിംഗ് ഹോമാണ് 61-കാരനായ വെര്‍ണോണ്‍ ഹൗഗും, ഭാര്യ ലൂസിയും ചേര്‍ന്ന് നടത്തിയിരുന്നത്. 2020 മേയില്‍ ഹോമില്‍ നിന്നും ഒരു മൈല്‍ മാത്രം അകലെ നിര്‍ത്തിയിട്ട കാറില്‍ തലയില്‍ തോക്കില്‍ നിന്നും വെടിയേറ്റ നിലയിലാണ് വെര്‍ണോണിനെ കണ്ടെത്തിയത്.
മഹാമാരി കാലത്ത് നഴ്‌സിംഗ് ഹോം നേരിട്ട പ്രതിസന്ധികളാണ് ഭര്‍ത്താവിന്റെ ജീവനെടുത്തതെന്നാണ് ലൂസി ആരോപിക്കുന്നത്. 'എന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഞങ്ങള്‍ രോഗികള്‍ മരിക്കുന്നതിന് സാക്ഷികളായി. മരണം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് 15 ജീവനക്കാരാണ് രോഗികളായത്. നാല് രോഗികളെ വീതം പുറത്തെത്തിച്ചാണ് ഭക്ഷണം കൊടുത്തിരുന്നത്', ലൂസി ഇന്‍ക്വസ്റ്റില്‍ പറഞ്ഞു.
ഡ്യൂവറ്റ് കവറും, ലാമിനേറ്റഡ് പേപ്പറും ഉപയോഗിച്ച് ജീവനക്കാര്‍ സ്വന്തം പിപിഇ തയ്യാറാക്കേണ്ടിയും വന്നിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെ 36 മണിക്കൂറിനിടെ നിരവധി അന്തേവാസികളും മരിച്ചു. ഹെല്‍ത്ത് ബോര്‍ഡിനോട് ഓക്‌സിജന്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
മെഡിക്കല്‍ ട്രെയിനിംഗ് ഇല്ലാതിരുന്ന ഹൗഗിന് ഇതെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിലായിരുന്നു ആത്മഹത്യ. മഹാമാരിയില്‍ വെയില്‍സ് ഗവണ്‍മെന്റും, ലോക്കല്‍ ഹെല്‍ത്ത് ബോര്‍ഡും നഴ്‌സിംഗ് ഹോമുകളെ കൈവിട്ടെന്നാണ് ലൂസി വിശ്വസിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.