CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 59 Seconds Ago
Breaking Now

മൊബൈലിലൂടെ അടുപ്പം ; യുവതിയെ തേടി കണ്ണൂരിലെത്തിയ വൃദ്ധന് പണിയായി ; പൊലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിട്ടു

തലേദിവസം വരെ ഫോണില്‍ സംസാരിച്ച യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ വിളികളിലൂടെ പരിചയത്തിലായ യുവതിയെ നേരില്‍ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി എത്തിയ വയോധികന്‍ കബളിപ്പിക്കപ്പെട്ടു. ഒടുവില്‍ വൃദ്ധന് വണ്ടിക്കൂലി നല്‍കി പറഞ്ഞു വിട്ടത് പോലീസ്. എറണാകുളത്ത് നിന്ന് കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയെങ്കിലും യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് വയോധികന്‍ കുടുക്കിലായത്. എറണാകുളത്തെ ഞാറക്കലില്‍ നിന്നാണ് 68കാരന്‍ ട്രെയിനില്‍ കണ്ണൂര്‍ കൂത്തുപറമ്പിലെത്തിയത്. എന്നാല്‍ തലേദിവസം വരെ ഫോണില്‍ സംസാരിച്ച യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെക്കുകയായിരുന്നു.

ഒടുവില്‍ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വയോധികന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും അവര്‍ സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറായില്ല. തനിക്ക് വയോധികനെ അറിയില്ലെന്നും, താന്‍ ആരെയും വിളിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.

മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭര്‍ത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങള്‍ നേരിട്ടറിയാനാണ് കണ്ണൂരിലെത്തിയതെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഒടുവില്‍ പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണെന്നും എന്നാല്‍ നേരിട്ട് വരാന്‍ താത്പര്യമില്ലെന്നും യുവതി പറഞ്ഞു.

ഇതോടെ സംഭവത്തില്‍ ഇടപെട്ട പൊലീസ് വെട്ടിലാകുകയായിരുന്നു. യുവതി പറഞ്ഞ കാര്യം വയോധികനെ അറിയിച്ചെങ്കിലും മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്നും, യുവതിയെ കണ്ടാല്‍ മാത്രമെ പോകുകയുള്ളുവെന്നും ഇയാള്‍ അറിയിച്ചു. ഒടുവില്‍ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു. തലശേരി റെയില്‍വേ സ്റ്റേഷനില്‍ വരെ പോകാനുള്ള വണ്ടി കാശും നല്‍കിയാണ് ഇയാളെ പൊലീസ് മടക്കി അയച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.