CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 36 Seconds Ago
Breaking Now

മറഡോണ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തതായി ക്യൂബന്‍ വനിതയുടെ പരാതി

'ഞാന്‍ അയാളെ സ്‌നേഹിച്ചു, എന്നാല്‍ അതെ പോലെ വെറുക്കുകയും ചെയ്തു, ആത്മഹത്യയെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു,' മാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

അന്തരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണക്കെതിരെ ബലാത്സംഗ ആരോപണവുമായി ക്യൂബന്‍ വനിത. മാവിസ് അല്‍വാരസ് റെഗോ എന്ന 37 വയസുകാരിയായ സ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 20 വര്‍ഷം മുമ്പ്, മാവിസ് അല്‍വാരസ് റെഗോക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഡീഗോ മറഡോണയുമായി ബന്ധമുണ്ടായിരുന്നു. ഈ കാലയളവില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങളും ഇഷ്ടത്തിന് വിരുദ്ധമായി പിടിച്ചുവയ്ക്കലും മറഡോണക്കെതിരെയും അദ്ദേഹത്തിന്റെ പരിവാരത്തിനെതിരെയും മാവിസ് ആരോപിച്ചു.

ഒരു വര്‍ഷം മുമ്പ് തന്റെ 60ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ മരിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന മറഡോണ 1986ലെ ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടികൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.

ഇപ്പോള്‍ മിയാമിയില്‍ താമസിക്കുന്ന മാവിസ് അല്‍വാരസ് റെഗോ, 16ാം വയസ്സിലാണ് മറഡോണയെ കണ്ടുമുട്ടിയതെന്ന് ബ്യൂണസ് അയേഴ്‌സിലെ മാധ്യമങ്ങളോട് പറഞ്ഞു. ആ സമയത്ത് നാല്പതു വയസുണ്ടായിരുന്ന ഡീഗോ മറഡോണ ലഹരി മരുന്നിന്റെ ആസക്തിയില്‍ നിന്നും മുക്തി നേടാനുള്ള ചികിത്സയ്ക്കായി ക്യൂബയില്‍ താമസിക്കുകയായിരുന്നു. മറഡോണയുമായി വളരെ വേഗം പ്രണയത്തിലായെന്നും എന്നാല്‍ രണ്ട് മാസത്തിന് ശേഷം കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞെന്നും മാവിസ് അല്‍വാരസ് പറയുന്നു. മറഡോണ തന്നെ കൊക്കെയ്ന്‍ ഉപയോഗിക്കാന്‍ ശീലിപ്പിച്ചെന്നും ഇത് തനിക്ക് മറഡോണയില്‍ ആശ്രിതത്വം വളര്‍ത്തിയെന്നും മാവിസ് ആരോപിക്കുന്നു.

'ഞാന്‍ അയാളെ സ്‌നേഹിച്ചു, എന്നാല്‍ അതെ പോലെ വെറുക്കുകയും ചെയ്തു, ആത്മഹത്യയെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു,' മാവിസ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ 15ഉം നാലും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മാവിസ് അല്‍വാരസ് റെഗോ. മറഡോണയുമായുള്ള തന്റെ ബന്ധം അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്നിരുന്നുവെന്നും എന്നാല്‍ ഈ സമയത്ത് താന്‍ ശാരീരിക പീഡനത്തിന് ഇരയായെന്നും മാവിസ് പറഞ്ഞു.

2001ല്‍ മറഡോണയ്‌ക്കൊപ്പം ബ്യൂണസ് അയേഴ്‌സിലേക്കുള്ള ഒരു യാത്രയ്ക്കിടെ, മറഡോണയുടെ പരിവാരം ഒരു ഹോട്ടലില്‍ ആഴ്ചകളോളം തന്റെ ഇഷ്ടത്തിനു വിരുദ്ധമായി തന്നെ തടഞ്ഞുനിര്‍ത്തി, തനിച്ച് പുറത്തിറങ്ങുന്നത് വിലക്കി, സ്തനവളര്‍ച്ച ഓപ്പറേഷന് നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചു. മറ്റൊരു അവസരത്തില്‍ ഹവാനയിലെ അവരുടെ വീട്ടില്‍ വെച്ച് മറഡോണ തന്നെ ബലാത്സംഗം ചെയ്തതായും ശാരീരിക പീഡനത്തിന്റെ മറ്റ് നിരവധി അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും മാവിസ് ആരോപിച്ചു.

മാവിസ് സ്വയം പരാതി നല്‍കിയിട്ടില്ലെങ്കിലും അര്‍ജന്റീനിയന്‍ എന്‍ജിഒ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ഈ ആഴ്ച ബ്യൂണസ് ഐറിസില്‍ അര്‍ജന്റീന പ്രോസിക്യൂട്ടര്‍ക്ക് മുമ്പാകെ തെളിവ് നല്‍കും. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ മാധ്യമങ്ങളില്‍ മാവിസിന്റെ മറഡോണക്കെതിരായ ആരോപണം കണ്ടതിന് ശേഷമാണ് 'ഫൗണ്ടേഷന്‍ ഫോര്‍ പീസ്' എന്ന് വിളിക്കപ്പെടുന്ന സംഘടന പരാതി നല്‍കിയത്. മനുഷ്യക്കടത്ത്, സ്വാതന്ത്ര്യം ഹനിക്കല്‍, നിര്‍ബന്ധിത അടിമത്തം, ആക്രമണം, ശാരീരിക പീഡനം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതി.

 




കൂടുതല്‍വാര്‍ത്തകള്‍.