
















ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശാരീരികമായി അവശനായതിനാലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആക്രമണത്തില്‍ മുജ്തബയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലെ പ്രസ്താവനകളിലൂടെയോ ടെലിവിഷനിലൂടെയോ മാത്രമാണ് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ പുറത്തുവരുന്നത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടിരുന്നു.
സുരക്ഷാ ഭീഷണി മൂലം മുജ്തബ രഹസ്യ താവളത്തിലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അദ്ദേഹം താമസിക്കുന്ന സ്ഥലം യുഎസോ ഇസ്രയേലോ കണ്ടെത്തുമെന്ന ഭയത്താല്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിക്കുന്നില്ല. ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം മാനസികമായി പൂര്‍ണ ആരോഗ്യവാനാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയുടേയും ഇസ്രയേലിന്റെയും നിരീക്ഷണം ഒഴിവാക്കാന്‍ അതീവ രഹസ്യമായ രീതിയിലാണ് ആശയ വിനിമയം നടക്കുന്നത്. സന്ദേശങ്ങള്‍ കൈപ്പടയില്‍ എഴുതി കവറിലാക്കി വിശ്വസ്തരായ ആളുകളുടെ ശൃംഖല വഴി മുജ്തബയ്ക്ക് കൈമാറും. കാറുകളിലും ബൈക്കുകളിലുമായി ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിക്കുന്നത്. തിരിച്ചും സന്ദേശങ്ങള്‍ ഈ രീതിയില്‍ കൈമാറപ്പെടും. മുജ്തബയ്ക്കു ചുറ്റും എപ്പോഴും ഡോക്ടര്‍മാരുടെ ഒരു സംഘം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ എക്‌സിലൂടെ മുജ്തബ വിമര്‍ശിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും സുരക്ഷയേയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ശത്രുക്കളുടെ മാധ്യമ പ്രവര്‍ത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു.