CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 40 Seconds Ago
Breaking Now

ചികിത്സയ്ക്കായി കാത്തിരിക്കുന്ന 5.8 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പോംവഴി തേടി ഹെല്‍ത്ത് സെക്രട്ടറി; പതിവ് ചികിത്സകള്‍ക്കെത്തുന്ന രോഗികളെ രാജ്യത്ത് ബെഡ് ഒഴിവുള്ള ഇടങ്ങളിലേക്ക് എത്തിക്കും; ഫോളോ-അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ വെട്ടിച്ചുരുക്കും

ദീര്‍ഘകാലം കാത്തിരുന്നവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്ത് ചികിത്സ തേടാന്‍ അനുമതി നല്‍കുന്നതാണ് മറ്റൊരു ഓപ്ഷന്‍

എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണോ? എങ്കില്‍ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ തയ്യാറായിക്കൊള്ളൂ. എന്‍എച്ച്എസിന്റെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്ന റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാന്‍ മുന്‍പൊരിക്കലും പ്രയോഗിക്കാത്ത ആയുധങ്ങളാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എടുത്തുപയോഗിക്കുന്നത്. 

ഇതിന്റെ ഭാഗമായി ചില ചികിത്സകള്‍ക്ക് ശേഷമുള്ള ഫോളോ-അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കാനും, രോഗികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് ചികിത്സ നല്‍കാനുമാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാക്ക്‌ലോഗില്‍ ഇളവ് വരുത്താനുള്ള നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വരാന്‍ എന്‍എച്ച്എസ് ഹെല്‍ത്ത് മേധാവികളോട് ഹെല്‍ത്ത് സെക്രട്ടറി ഉത്തരവിട്ടതായാണ് വിവരം. 

ചികിത്സ ലഭിച്ച രോഗികളുടെ ഫോളോ അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ വെട്ടിക്കുറച്ച്, എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ മാത്രം ഡോക്ടറെ ബന്ധപ്പെട്ടാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പതിവ് സര്‍ജറികളെ എമര്‍ജന്‍സി കെയറില്‍ നിന്നും വേര്‍പെടുത്തി അടിയന്തരമല്ലാത്ത ഹോസ്പിറ്റല്‍ കെയര്‍ വേഗത്തിലാക്കാനും ആലോചനയുണ്ട്. 

ദീര്‍ഘകാലം കാത്തിരുന്നവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്ത് ചികിത്സ തേടാന്‍ അനുമതി നല്‍കുന്നതാണ് മറ്റൊരു ഓപ്ഷന്‍. മുട്ട് മാറ്റിവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള സര്‍ജറികള്‍ക്കായി ഏറെ കാത്തിരുന്നവര്‍ക്ക് ക്ലിയറിംഗ് ഹൗസുകള്‍ നല്‍കാനും പരിഗണനയുണ്ട്. രോഗികള്‍ക്ക് അയല്‍മേഖലകളിലുള്ള ആശുപത്രികളില്‍ അപ്പോയിന്റ്‌മെന്റ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ പറഞ്ഞു.

സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം വരെ മൂന്ന് മാസം കൂടുമ്പോള്‍ ചെക്ക്അപ്പ് ചെയ്യുന്നതാണ് നിലവിലെ രീതി. പലപ്പോഴും ഇത് ആവശ്യമായി വരാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രോഗികള്‍ മാസങ്ങളോളം കാത്തിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആശുപത്രി മേധാവികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹോപ്‌സണ്‍ വ്യക്തമാക്കി. 3 ലക്ഷത്തോളം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് കണക്ക്. മഹാമാരിക്ക് മുന്‍പ് ഇത് കേവലം 1305 മാത്രമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.