പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസ് പുറംതള്ളണമെന്ന ആവശ്യം കോടതി തള്ളിയതോടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് ആന്‍ഡ്രൂ രാജകുമാരന്‍. വിര്‍ജിനിയ റോബര്‍ട്‌സിന്റെ കേസ് തള്ളിക്കളയാനുള്ള ശ്രമങ്ങള്‍ കോടതി പുറംതള്ളിയതോടെയാണ് അഭിഭാഷകര്‍ പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
കേസ് ഇതോടെ വിചാരണയിലേക്ക് നീങ്ങുന്നുവെന്നതാണ് അവസ്ഥ. കേസുമായി മുന്നോട്ട് പോയി ജൂറിക്ക് മുന്‍പില്‍ ആന്‍ഡ്രൂവിന്റെ പേര് വിശുദ്ധമാക്കാന്‍ പോരാട്ടം നടത്തുകയാണ് ഒരു മാര്‍ഗ്ഗം. പക്ഷെ അങ്ങനെ വന്നാല്‍ തനിക്കെതിരായ പീഡന ആരോപണങ്ങളെ കുറിച്ച് ആന്‍ഡ്രൂവിന് പബ്ലിക് ടെസ്റ്റിമണി നല്‍കേണ്ടി വരും.
ഇതല്ലെങ്കില്‍ വിര്‍ജിനിയയുടെ കാലുപിടിച്ച് മള്‍ട്ടി മില്ല്യണ്‍ പൗണ്ട് സെറ്റില്‍മെന്റ് നല്‍കുകയാണ് മറ്റൊരു വഴി. രാജകുടുംബത്തിന് കൂടുതല്‍ നാണക്കേട് വരുത്താതെ കോടതിക്ക് പുറത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയാല്‍ ജീവിതാവസാനം വരെ ഈ സത്യാവസ്ഥ ആന്‍ഡ്രൂവിന് മേല്‍ കളങ്കം ചാര്‍ത്തും.
എന്നാല്‍ വിര്‍ജിനിയ കേസുമായി മുന്നോട്ട് പോയി നീതി നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇവരുടെ ന്യൂയോര്‍ക്ക് അറ്റോണി ഡേവിഡ് ബോയിസ് സൂചന നല്‍കി. ഇതോടെ ആന്‍ഡ്രൂവിന് മുന്നിലുള്ളത് നാണക്കേട് ഏറ്റുവാങ്ങുന്ന ഓപ്ഷനുകള്‍ മാത്രമാണെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വിചാരണയ്ക്ക് വിധേയമായി രാജ്ഞിയെ ഈ ഘട്ടത്തില്‍ നാണിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന സമ്മര്‍ദം നേരിടുകയാണ് ആന്‍ഡ്രൂ. സ്വിസ് അവധിക്കാല വസതി വിറ്റ് 10 മില്ല്യണ്‍ പൗണ്ട് വിര്‍ജിനിയയ്ക്ക് കൈമാറി കോടതിക്ക് പുറത്ത് വെച്ച് കേസ് അവസാനിപ്പിക്കാന്‍ ഡ്യൂക്ക് തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.