
















മരണത്തിന്റെ സംരക്ഷണത്തില്‍ ഇരുന്ന് കൊണ്ട് കാലം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുപടി പറയേണ്ടി വരുന്നത് ജീവിച്ചിരിക്കുന്നവരാണ്. എപ്സ്റ്റീന്‍ ഒരുക്കിവെച്ച കെണിയില്‍ അയാളുടെ മരണശേഷം മറുപടി പറഞ്ഞ് നാണംകെടുകയാണ് ലോകത്തെ പ്രമുഖര്‍. ഇപ്പോള്‍ യുകെയുടെ മുന്‍ യുഎസ് അംബാസിഡറുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
ഇന്നലെ വൈകീട്ട് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് എലൈറ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പീറ്റര്‍ മണ്ടേല്‍സനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിയെന്ന ആരോപണങ്ങളിലാണ് അറസ്റ്റ്. ബിസിനസ്സ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവെയാണ് മണ്ടേല്‍സണ്‍ ചതിച്ചത്. 
മെട്രോപൊളിറ്റന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ടീമാണ് മണ്ടേല്‍സനെ അറസ്റ്റ് ചെയ്തത്. പൊതു ഓഫീസില്‍ വെച്ച് അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ലേബറിന്റെ ആര്‍ക്കിടെക്ടായി അറിയപ്പെടുന്ന മണ്ടേല്‍സനെ വിട്ടയച്ചത്.
17 ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ടേല്‍സന്റെ ലണ്ടനിലെയും, വില്‍ട്ഷയറിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം അറസ്റ്റിന് ഇത്രയും ദിവസങ്ങള്‍ വേണ്ടിവന്നത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറെ സമാനമായ സംശയത്തില്‍ അറസ്റ്റ് ചെയ്ത ശേഷമാണ് മണ്ടേല്‍സനും പിടിവീഴുന്നത്. എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇമെയിലുകളും, ചിത്രങ്ങളുമാണ് മണ്ടേല്‍സന്റെ തനിനിറം പുറത്തെത്തിച്ചത്. ഇനി ആരുടെയെല്ലാം വാതില്‍ക്കലേക്ക് പോലീസ് എത്തുമെന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്.