Breaking Now

ഭക്ഷ്യ സുരക്ഷാ നിയമം; ഇന്നു കോണ്‍ഗ്രസ് യോഗം

രാജ്യത്തെ 82 കോടി ജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നതിന് യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌ സംബന്ധിച്ചുള്ള കോണ്‍ഗ്രസ്‌ യോഗം ഇന്ന്.

രാജ്യത്തെ 82 കോടി ജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നതിന് യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമാക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്നു ഡല്‍ഹിയില്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഭക്ഷ്യമന്ത്രി കെ.വി. തോമസ്, രാഹുല്‍ ഗാന്ധി എന്നിവരും കോണ്‍ഗ്രസ് ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പിസിസി അധ്യക്ഷന്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ നിയമം എത്രയും വേഗം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

കേരളത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

ഭക്ഷ്യസുരക്ഷാ നിയമവും സബ്‌സിഡികള്‍ നേരിട്ട് ഉപഭോക്താക്കുളടെ കൈകളില്‍ എത്തിക്കുന്ന ഡയറക്ട് ബെനഫിക്ട് ട്രാന്‍സാഷന്‍ പദ്ധതിയുമാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന ആയുധമാക്കുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സഖ്യം കേന്ദ്രത്തില്‍ രണ്ടാംവട്ടവും അധികാരത്തിലെത്തിയത്. 

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ന് ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നേക്കും. 




കൂടുതല്‍വാര്‍ത്തകള്‍.