Breaking Now

ഇറ്റാവ പീഡനം ; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം.

ഉത്തര്‍പ്രദേശില ഇറ്റാവയില്‍ കൂട്ടമാനഭംഗത്തിനു ശേഷം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരതരമായി തുടരുന്നു.

ഗുരുതരനിലയില്‍ കഴിയുന്ന പെണ്‍കുട്ടി സെയ്ഫായിലുള്ള രാജീവ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. 

പെണ്‍കുട്ടിയെ ഡല്‍ഹി എഐഐഎംഎസിലേക്കോ എസ്ജിപിജിഐ ലക്‌നോവിലേക്കോ മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ സായ്ഫായി ആശുപത്രിയില്‍ നിന്നു മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഡിജിപി അരുണ്‍ കുമാര്‍ പറഞ്ഞു. 

പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ഫര്‍ഹാന്‍ എന്നയാള്‍ക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഫര്‍ഹാന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. 

വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ഫര്‍ഹാന്‍, പിതാവ് പപ്പു മിയാന്‍, സഹോദരന്‍ ഷോയിബ്, ബന്ധു ഷക്കീല്‍ എന്നിവര്‍ പീഡിപ്പിച്ചെന്നും പിന്നീട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. പെണ്‍കുട്ടിയും ഫര്‍ഹാനും തമ്മില്‍ പ്രണയത്തിലായിരുന്നത്രേ. ഫര്‍ഹാന്റെ മുത്തശ്ശി സബ്രയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. 

എന്നാല്‍ ഫര്‍ഹാനും യുവതിയും തമ്മില്‍ വിവാഹം നടക്കാന്‍ അഞ്ചു ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി സ്വയം തീകൊളുത്തിയതാണെന്ന് പോലീസ് ചീഫ് നീലജ ചൗധരി പറഞ്ഞിരുന്നു. പെണ്‍കുട്ടി കോളജ് വിദ്യാര്‍ഥിയും ഫര്‍ഹാന്‍ മെക്കാനിക്കുമാണ്.




കൂടുതല്‍വാര്‍ത്തകള്‍.