സ്റ്റീവനേജ്: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ 'സര്‍ഗ്ഗം സ്റ്റീവനേജും', പ്രാദേശിക ബാഡ്മിന്റണ്‍ ക്ലബ്ബായ 'സ്റ്റീവനേജ് സ്മാഷേഴ്സും' സംയുക്തമായി സംഘടിപ്പിച്ച 'ഓള്‍ യു കെ ഓപ്പണ്‍ മെന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്' ആവേശോജ്ജ്വലമായി.
അഡ്വാന്‍സ്ഡ്-ഇന്റര്‍മീഡിയേറ്റ് വിഭാഗങ്ങളിലായി നടത്തിയ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്' മിന്നിമറയുന്ന സര്‍വ്വീസുകളുടെയും, തീ പാറുന്ന സ്മാഷുകളുടെയും, മിന്നല്‍ പിണര്‍ പോലെ കുതിക്കുന്ന ഷട്ടിലുകളുമായി ആവേശം മുറ്റി നിന്ന ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാണികള്‍ക്കു സമ്മാനിച്ചത്.
'സര്‍ഗ്ഗം-സ്മാഷേഴ്‌സ്' മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് സ്റ്റീവനേജ് 'മാരിയോട്ട്‌സ് ജിംനാസ്റ്റിക്സ് ക്ലബ്ബ്' ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയായപ്പോള്‍ തിങ്ങി നിറഞ്ഞ ഗാലറിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കായികപോര്‍ക്കളത്തിലെ തീപാറുന്ന മത്സരത്തില്‍ അഡ്വാന്‍സ്ഡ് മെന്‍സ് വിഭാഗത്തില്‍ സന്തോഷ്-പ്രിജിത്
ജോഡി ചാമ്പ്യന്‍ പട്ടവും, ലെവിന്‍ -സുദീപ് ടീം റണ്ണറപ്പും, ജെഫ് അനി- ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.
ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ നിതിന്‍-അക്ഷയ് ജോഡി ജേതാക്കളായപ്പോള്‍, സിബിന്‍-അമീന്‍ ജോഡി റണ്ണറപ്പും, പ്രവീണ്‍- ഗ്ലാഡ്സണ്‍ ടീം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കാഷ് പ്രൈസും, ട്രോഫിയും, ജേഴ്‌സിയും സമ്മാനിച്ചു.
കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജില്‍ നടത്തപ്പെട്ട സമ്മാനപ്പെരുമയുടെ ബാഡ്മിന്റണ്‍ മത്സരമെന്ന നിലയില്‍, യു കെ യിലെ നാനാ ഭാഗങ്ങളില്‍ നിന്നും ബാഡ്മിന്റണ്‍ ലോകത്തെ 'കുലപതികള്‍' മാറ്റുരക്കുവാനെത്തിയിരുന്നു. മുന്‍ ബംഗ്‌ളാദേശ്, നേപ്പാള്‍ ദേശീയ താരങ്ങളും, കേരളത്തിനും, തമിഴ് നാടിനും, മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാന്‍സ്ഡ് ലൈനപ്പില്‍ നിരന്നപ്പോള്‍, യു കെ യിലെ പ്രഗത്ഭ താരനിര തന്നെ ഇന്റര്‍മീഡിയേറ്റില്‍ മാറ്റുരച്ചു.
അഡ്വാന്‍സ്ഡ് കാറ്റഗറിയില്‍ മൂന്നാം സ്ഥാനത്തെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ട് മത്സരത്തില്‍ കാണികളെ ആവേശഭരിതരാക്കി കയ്യടിയും, ആര്‍പ്പുവിളികളും നേടി ടൂര്‍ണമെന്റില്‍ തിളങ്ങി. സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടര്‍ 17 വിഭാഗത്തില്‍ ഇംഗ്ലണ്ടിനെ പ്രനിധീകരിക്കുന്ന താരമാണ്.
മനോജ് ജോണ്‍, സാബു ഡാനിയേല്‍,ജോര്‍ജ്ജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ഗം ഭാരവാഹികളും, വിജോ മാര്‍ട്ടിന്‍, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ സ്മാഷേഴ്സും ഓള്‍ യു കെ ഓപ്പണ്‍ മെന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനായി കൈകോര്‍ക്കുകയായിരുന്നു. ടെസ്സി ജെയിംസ് മത്സരങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തു. ------
Appachan Kannanchira