മലയാളത്തിലെ മോസ്റ്റ് വയലന്റ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് 'മാര്‍ക്കോ'. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും. ഏറെ ചര്‍ച്ചയായ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇനി അത് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന്‍ മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ച് എത്തിയിരുന്നു. ആ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
'ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി'' എന്നാണ് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.
ഹനീഷ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മാര്‍ക്കോ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ സിനിമയിലെ വയലന്‍സിന്റെ അതിപ്രസരത്തെ തുടര്‍ന്ന് മാര്‍ക്കോയുടെ സാറ്റലൈറ്റ് പ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചിരുന്നു.