CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 16 Seconds Ago
Breaking Now

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്‌ന. ജീവിതത്തില്‍ അതുവരെ സ്വയം ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസള്‍ട്ട് ആയിരുന്നെന്നും ഗായിക പറഞ്ഞു.

ഓട്ടിസത്തെ കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലിന് മുതിര്‍ന്നതെന്നും ജ്യോത്സന കൂട്ടിച്ചേര്‍ത്തു.

'ടെഡ് എക്‌സ് ടോക്‌സി'ലാണ് ഗായിക നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാത്തില്‍ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നുകയും അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്‌തെന്നും ജ്യോത്സന പറഞ്ഞു. അവിടെ വച്ച് ഒരു കോഴ്‌സ് പഠിക്കാന്‍ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ മാനസികരോഗ വിദഗ്ധനെ കണുകയുമായിരുന്നെന്നും ജ്യോത്സന പറഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഉറപ്പിക്കാനായി മൂന്ന് തവണ പരിശോധന നടത്തിയെന്നും ജ്യോത്സന പറഞ്ഞു. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നതെന്നും ജ്യോത്സന കൂട്ടിച്ചേര്‍ത്തു. ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് താന്‍ ഇത് തുറന്നു പറയുന്നതെന്ന് പറഞ്ഞ ജ്യോത്സന മാറ്റം അടിത്തട്ടില്‍ നിന്നാണ് ഉണ്ടാവേണ്ടതെന്നും വിടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും വേണം അത് ആരംഭിക്കാനെന്നും പറഞ്ഞു.

ജ്യോത്സനയുടെ വാക്കുകള്‍

'ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ട് ആണ് ഞാന്‍. എന്താണ് ഇവള്‍ പറയുന്നത്, കാണുമ്പോള്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങള്‍ പറയാം. അത് നിങ്ങള്‍ക്ക് ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. നമ്മള്‍ എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുമുണ്ട്. പക്ഷേ അങ്ങനെയല്ല. ഒന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കില്‍ ഇല്ലായിരിക്കും. ഓട്ടിസം അല്ലെങ്കില്‍ ന്യൂറോ ഡൈവര്‍ജന്റ്‌സ് (ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങള്‍) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.

ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാത്തിനോടും ഞാന്‍ വൈകാരികമായി പ്രതികരിച്ചുകൊണ്ടിരുന്നതിന്റെയും എല്ലാം വളരെ ആഴത്തില്‍ അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണം മനസ്സിലായത് അപ്പോഴാണ്. ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും എന്തുകൊണ്ട് എനിക്ക് എല്ലാം എളുപ്പത്തില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്‌ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എല്ലാത്തിനും കാരണം.

ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഞാന്‍ ഇത് തുറന്നു പറയുന്നത്. എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങള്‍ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേര്‍ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം. മാറ്റം അടിത്തട്ടില്‍ നിന്നാണ് ഉണ്ടാവേണ്ടത്. വിടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും വേണം അത് ആരംഭിക്കാന്‍. ഓട്ടിസം കണ്ടുപിടിക്കാനുള്ള ടൂളുകള്‍ നമുക്ക് ആവശ്യമാണ്. കാരണം അവര്‍ക്ക് വേണ്ടി നിര്‍മിക്കാത്ത ഒരു ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്ത് കാണാന്‍ കഴിയുന്നില്ലെന്നതാണ് അവസ്ഥ കൂടുതല്‍ മോശമാക്കുന്നത്.'

 




കൂടുതല്‍വാര്‍ത്തകള്‍.