യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ദി അപ്പോസ്തല്‍ മിഷനില്‍ മാര്‍ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ ആറാം ദിവസമായ ഇന്ന് വെള്ളിയാഴ്ച (04/07/25) വൈകുന്നേരം 5.30PM ന് റവ. ഫാ. ജോബി ജോണ്‍ ഇടവഴിക്കല്‍ (ഡയറക്ടര്‍ സെന്റ് ജോണ്‍ മിഷന്‍, നോട്ടിംങ്ഹാം) വി. കുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാര്‍ത്ഥനകളിലെ പ്രത്യേക നിയോഗം മെന്‍സ് ഫോറം, വിമണ്‍സ് ഫോറo, സെന്റ്. ബെനഡിക്ട് യൂണിറ്റ്, സേക്രട്ട് ഹാര്‍ട്ട് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും, കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ്.
ഇന്നലെ വൈകുന്നേരം ലാറ്റിന്‍ റീത്തില്‍ നടന്ന ദിവ്യബലിയ്ക്ക് ഷ്രൂസ്ബറി രൂപത വികാരി ജനറാള്‍ റവ.ഫാ. മൈക്കള്‍ ഗാനന്‍ കാര്‍മികത്വം വഹിച്ചു. റവ. ഫാ. ജോസ് കുന്നുംപുറം നൊവേനയ്ക്ക് കാര്‍മികനായി.
മാഞ്ചസ്റ്ററില്‍ 2006 -ല്‍ ആരംഭിച്ച് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന തിരുനാളാഘോഷങ്ങളുടെ പ്രധാന തിരുന്നാള്‍ ദിനമായ നാളെ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും. ആഷ്ഫോര്‍ഡ് മാര്‍. സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ പ്രെസ്റ്റന്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി റവ. ഡോ. വര്‍ഗീസ് തനമാവുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈദികരായ റവ. ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, റവ. ഫാ. ഫ്രാന്‍സീസ് കൊച്ചുപാലിയത്ത് തുടങ്ങിയ വൈദീകര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും, സ്‌നേഹവിരുന്നും നടക്കും.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു