ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളിലെ തറയിലിരുത്തി സ്‌കൂള്‍ അധികൃതര്‍. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലുള്ള സലാഹുദ്ദീന്‍ അയ്യൂബി മെമ്മോറിയല്‍ ഉറുദു ഹൈസ്‌കൂളിലാണ് സംഭവം. ഫഹദ് ഫാഇസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ നിന്ന് ദുരനുഭവമുണ്ടായത്. അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ആദ്യ ദിവസമായിരുന്നു സംഭവം. മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കാന്‍ അനുവദിക്കാതെ കുട്ടിയെ ക്ലാസ് മുറിയിലെ തറയില്‍ ഇരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു.
അച്ഛാ, ഫീസ് എപ്പോഴാണ് അടയ്ക്കുന്നത്? എന്നായിരുന്നു കരച്ചിലിനിടയിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യം. ഫീസ് അടയ്ക്കുന്നതിനായി പിതാവ് സ്‌കൂളെത്തിയപ്പോഴായിരുന്നു സംഭവം കണ്ടത്. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് നേരിട്ട അപമാനം സഹിക്കാനാവാതെയാണ് കുട്ടി ഈ ചോദ്യം ചോദിച്ചതെന്നായിരുന്നു പിതാവിന്റെ മറുപടി.
ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയുടെ ആത്മാഭിമാനത്തെയും അവകാശങ്ങളെയും ഹനിക്കുന്ന നടപടിയാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചു.
2,500 രൂപയാണ് കുട്ടി ഫീസായി അടക്കാനുണ്ടായിരുന്നത്. ഇതില്‍ 1,200 രൂപ നേരത്തേ അടച്ചിരുന്നു. ബാക്കിയുള്ള 1,300 രൂപ കുടിശ്ശികയുടെ പേരിലാണ് ഇത്തരമൊരു നടപടിയുണ്ടായത്. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം ക്ലാസ് പരിക്ഷ ഫലവും സ്‌കൂള്‍ അധികൃതര്‍ തടഞ്ഞുവെച്ചതായി പിതാവ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സ്‌കൂളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനും അദ്ധ്യാപകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.