കൊല്‍ക്കത്തയില്‍ വീണ്ടും കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി. ബംഗാളിലെ ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായത്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. അതേസമയം സംഭവസമയം വിദ്യാര്‍ത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു.
ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് സമീപം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോകാന്‍ ഇറങ്ങിയതായിരുന്നു. ഇതേസമയം കോളജിന്റെ ഗേറ്റിന് സമീപം അജ്ഞാതര്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി. പിന്നാലെ യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതേസമയം പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഓടിപ്പോയി. സംഭവത്തില്‍ യുവാവിന് പങ്കുണ്ടെന്ന് സംശയമുണ്ടെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. സുഹൃത്ത് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതായും ഒഴിഞ്ഞ സ്ഥലത്തേക്ക് മനപൂര്‍വം കൊണ്ടുപോയതാണെന്നും ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. അക്രമികള്‍ മകളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതെന്നും പണം കവര്‍ന്നെന്നും പിതാവ് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥിനി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരയുടെ സുഹൃത്ത് ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം തുടര്‍ച്ചയായി കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കേസാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇക്കൊല്ലം ജൂലൈയില്‍, കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത ലോ കോളജിന്റെ പരിസരത്ത് നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.