കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്.
ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്തമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വേണം പ്രവര്‍ത്തിക്കാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശങ്ങളില്‍ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങള്‍ ഉണ്ടാക്കാനോ ഒരു സ്‌കൂള്‍ മാനേജ്‌മെന്റിനും അധികാരമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.