കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന ക്രൈസ്തവ വിഭാഗത്തെയും ക്രൈസ്തവ സന്യാസിനികളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. ചില മതമൗലികവാദികളുടെ വാക്കുകളാണ് മന്ത്രി കടമെടുക്കുന്നതെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ശിരോവസ്ത്രം ധരിച്ച ടീച്ചര്‍ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം എന്ന പ്രസ്താവന നടത്തിയ മന്ത്രി ആദ്യം വസ്തുത എന്തെന്ന് മനസ്സിലാക്കണം. ഈ പ്രശ്‌നം ഇത്രയും വഷളാക്കിയതിന് ഏക ഉത്തരവാദി മന്ത്രി ശിവന്‍കുട്ടിയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു.
സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ ഹിജാബ് പോലെയുള്ള മതപരമായ വസ്ത്രങ്ങള്‍ യൂണിഫോമിനൊപ്പം ധരിക്കുന്നത് വിലക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. യൂണിഫോം കുട്ടികള്‍ക്കിടയില്‍ ജാതി-മത വേര്‍തിരിവുകള്‍ ഇല്ലാതാക്കാനാണെന്നും അച്ചടക്കത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗമാണെന്നുമായിരുന്നു സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്ന്. പിന്നെ എന്ത് കാരണത്താലാണ് ഇപ്പോള്‍ നേര്‍വിപരീതമായ നിലപാട് ഈ ഗവണ്മെന്റ്‌ന്റെ ഭാഗമായ മന്ത്രി സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു.
ക്രൈസ്തവ സ്‌കൂളുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ന്യൂനപക്ഷ സ്‌കൂളുകളുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ ക്രൈസ്തവ സമുദായത്തിന് സാധിക്കില്ലെന്നു. ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെടണ്‍മെന്നു പ്രസ്താവനയില്‍ പറയുന്നു.