CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 44 Seconds Ago
Breaking Now

50 ലക്ഷം പിന്‍വലിക്കാന്‍ വൃദ്ധ ദമ്പതികള്‍ രണ്ടുവട്ടം ബാങ്കിലെത്തി; മാനേജര്‍ സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിച്ചു

പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാട്ട്സ്ആപ്പിലെ വീഡിയോ കോള്‍ വഴിയാണ് തട്ടിപ്പുകാര്‍ എത്തിയത്.

ചങ്ങനാശ്ശേരിയിലെ വൃദ്ധ ദമ്പതികളെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കാനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരും സൈബര്‍ പോലീസും ചേര്‍ന്ന് പരാജയപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാട്ട്സ്ആപ്പിലെ വീഡിയോ കോള്‍ വഴിയാണ് തട്ടിപ്പുകാര്‍ എത്തിയത്. പരിധിയില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ ദമ്പതികളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ അവരെ വിശ്വസിപ്പിച്ചു. ദേശവിരുദ്ധ ഇടപാടുകള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 50 ലക്ഷം രൂപ നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നുള്ള വാഗ്ദാനം പിന്നാലെയുണ്ടായി.

ഇത് വിശ്വസിച്ച ദമ്പതികള്‍ രണ്ടു ദിവസം മുന്‍പ് ചങ്ങനാശേരി ഫെഡറല്‍ ബാങ്ക് ശാഖയില്‍ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള 50 ലക്ഷം രൂപ പിന്‍വലിക്കാന്‍ മാനേജരെ സമീപിച്ചു. പണം മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു തട്ടിപ്പുകാരുടെ നിര്‍ദേശം. ഇടപാടില്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുമായി ബന്ധപ്പെട്ടു. ഈ അക്കൗണ്ടിന് പിന്നില്‍ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയും ഇടപാട് പ്രോസസ്സ് ചെയ്യാതെ ദമ്പതികളെ തിരിച്ചയക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ദമ്പതികള്‍ വീണ്ടും ബാങ്കില്‍ എത്തുകയും, ബാങ്ക് മാനേജരെ 50 ലക്ഷം രൂപയുടെ ഇടപാട് നടത്താന്‍ നിര്‍ബന്ധിക്കുകയുമുണ്ടായി. തട്ടിപ്പ് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരമറിയിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാങ്കില്‍ എത്തി ദമ്പതികള്‍ക്ക് കാര്യം വിശദീകരിച്ച് തട്ടിപ്പില്‍ നിന്ന് അവരെ രക്ഷിച്ചു. ഈ സമയമത്രയും ദമ്പതികള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ തന്നെയായിരുന്നു. പോലീസ് ഇടപെട്ടുവെന്ന് മനസ്സിലാക്കിയ തട്ടിപ്പുകാര്‍ കോള്‍ വിച്ഛേദിച്ച് അപ്രത്യക്ഷരാവുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.