
















വാര്‍ത്താസമ്മേളനത്തില്‍ നടി ഗൗരി കിഷനെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറയില്ലെന്ന് യൂട്യൂബര്‍ ആര്‍ എസ് കാര്‍ത്തിക്. ഗൗരിക്ക് നേരേ വീണ്ടും അധിക്ഷേപം ഉയര്‍ത്തുകയാണ് കാര്‍ത്തിക്. പ്രതികരണം പിആര്‍ സ്റ്റണ്ടെന്ന് കാര്‍ത്തിക് ആരോപിക്കുന്നു.
32 വര്‍ഷത്തെ അനുഭവസമ്പത്തുള്ള 'മുതിര്‍ന്ന' മാധ്യമപ്രവര്‍ത്തകനാണ് താനെന്നും താന്‍ തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും ആര്‍ എസ് കാര്‍ത്തിക് പറയുന്നു. വിഡ്ഢി എന്ന് വിളിച്ചത് ഗൗരിയാണ്. നടിയെ നടന്‍ എടുത്തുയര്‍ത്തിയെന്ന് പറഞ്ഞാല്‍ നാല് പേര് കൂടുതല്‍ വരും. 'ജോളി' ആയിരിക്കാന്‍ വേണ്ടിയാണ് ചോദിച്ചത്. ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചിരിച്ചതെന്നും വിചിത്രന്യായം. തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബര്‍ ആര്‍ എസ് കാര്‍ത്തികിന്റെ പ്രതികരണം.
ഗൗരിയുടെ പുതിയ സിനിമയായ അദേഴ്സിന്റെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെതിരെയാണ് ഗൗരി ജി കിഷന്‍ തുറന്നടിച്ചത്. നടിയുടെ ഭാരയും ഉയരത്തെയും കുറിച്ച് സിനിമയുടെ സംവിധായകനോട് ചോദിച്ച യൂട്യൂബര്‍ക്കാണ് ഗൗരി ചുട്ടമറുപടി നല്‍കിയത്. തന്റെ ഭാരവും സിനിമയും തമ്മില്‍ എന്ത് ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി പറഞ്ഞു. എന്നാല്‍, ചോദ്യത്തോടെ രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു ചോദ്യം ഉന്നയിച്ചയാളുടെ മറുപടി. ഗൗരിയോട് തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ആയി വര്‍ഷങ്ങളുടെ പരിചയം ഉണ്ടെന്നും ചോദ്യത്തില്‍ തെറ്റില്ലെന്നുമായിരുന്നു യൂട്യൂബറുടെ മറുപടി.