
















ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം ലളിതമാക്കണമെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി. ബിഹാറില്‍ നമ്മള്‍ ജയിക്കുമെന്നും പക്ഷേ പടക്കം പൊട്ടിച്ച് ആഘോഷം വേണ്ട എന്നുമാണ് ബിജെപി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിഹാറില്‍ എന്‍ഡിഎ.
രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ പോരാട്ടത്തിന്റെ ഫലമറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ജയിക്കുമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. ജയിക്കുമെന്ന് പറയുക മാത്രമല്ല വിജയാഘോഷത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും നല്‍കി കഴിഞ്ഞിരിക്കുകയാണ് ബിജെപി നേതൃത്വം. ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം ലളിതമാക്കണമെന്നാണ് നേതാക്കള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചെങ്കോട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കരുതെന്നും വിജയാഘോഷം ലളിതമായി നടത്തണമെന്നും എല്ലാ നേതാക്കള്‍ക്കും ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും വിജയാഘോഷത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. എന്നിരിക്കിലും ബിഹാറിലെ ബിജെപി ആസ്ഥാനത്ത് ഫലം തത്സമയം കാണാനും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനും ആഘോഷപരിപാടികള്‍ നടത്താനും ചില തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ബിഹാറില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എന്‍ഡിഎക്ക്. ബിഹാറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിലവിലെ ഭരണകൂടത്തെത്തന്നെ പിന്തുണയ്ക്കുന്നുവെന്ന സൂചനയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളില്‍ ഇവ എണ്ണിത്തീരും. ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച്ച വെച്ച ബിഹാറില്‍ ആര് വാഴും, ആര് വീഴുമെന്നതാണ് കാത്തിരിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളുടേയും പ്രതികരണം.