
















അനധികൃത കുടിയേറ്റക്കാര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കും ചുവപ്പുപരവതാനി വിരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ കേട്ടുമടുത്തതോടെ നിയമങ്ങള്‍ കടുപ്പിക്കാന്‍ നീക്കവുമായി ബ്രിട്ടന്‍. അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് 'ഗോള്‍ഡന്‍ ടിക്കറ്റ്' നല്‍കുന്നുവെന്ന പരാതി ഉയരുന്നതിനിടെയാണ് ഇവര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാനുള്ള കാലയളവ് വര്‍ദ്ധിപ്പിക്കാന്‍ ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്.
അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കാന്‍ നിലവില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി താമസിക്കണം. ഇത് നാലിരട്ടി വര്‍ദ്ധിപ്പിച്ച് 20 വര്‍ഷമായി ഉയര്‍ത്താനാണ് ഷബാന മഹ്മൂദിന്റെ പ്ലാന്‍. അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ഓട്ടോമാറ്റിക്കായി രാജ്യത്തിന്റെ ധനസഹായം നല്‍കുന്നത് നിര്‍ത്തുകയും, മറ്റ് ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യാനാണ് പദ്ധതി.
ഡെന്‍മാര്‍ക്കിലെ കടുപ്പമേറിയ അഭയാര്‍ത്ഥി നയങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ വിജയകരമായ സാഹചര്യത്തില്‍ ഇത് യുകെയില്‍ ആവര്‍ത്തിക്കാനാണ് ഹോം സെക്രട്ടറി ആഗ്രഹിക്കുന്നത്. എന്നാല്‍ അത്രയേറെ കടുപ്പം കൂട്ടാന്‍ ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം അനുവദിക്കുകയും ചെയ്യില്ല. എന്നിരുന്നാലും ഒരു തലമുറയ്ക്കിടെ കാണാത്ത തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ് നടപ്പിലാക്കുകയെന്ന് മഹ്മൂദ് പറയുന്നു.
അനധികൃത കുടിയേറ്റം രാജ്യത്തെ കീറിമുറിക്കുകയാണെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെയാണ് അനധികൃതമായി എത്തുന്നവര്‍ക്ക് സ്ഥിരതാമസം സാധ്യമാകണമെങ്കില്‍ 20 വര്‍ഷത്തെ കാലയളവ് വേണമെന്ന നിഹബന്ധന വെയ്ക്കുന്നത്. ചെറുബോട്ടുകളിലും, ലോറികളിലും കയറി രാജ്യത്ത് പ്രവേശിച്ച ശേഷം അഭയാര്‍ത്ഥിത്വം തേടുന്നവര്‍ക്കും, വിസാ കാലാവധി കഴിഞ്ഞ് താമസിച്ച ശേഷം അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നവര്‍ക്കും ഇത് ബാധകമാകും.