
















ഡോക്ടര്‍മാരും, നഴ്‌സുമാരും വരുത്തിവെച്ച പിശകുകള്‍ മൂലം കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിന് വഹിക്കേണ്ടി വന്നത് റെക്കോര്‍ഡ് ബില്‍. മരണപ്പെട്ട രോഗികളുടെ കുടുംബങ്ങള്‍ക്കായി 123 മില്ല്യണ്‍ പൗണ്ടാണ് എന്‍എച്ച്എസ് കൈമാറിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 1279 കുടുംബങ്ങള്‍ക്കായാണ് ഗുരുതര മെഡിക്കല്‍ വീഴ്ചകള്‍ മൂലം ഇത്രയേറെ തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രികള്‍ക്ക് അകത്ത് വെച്ച് മറ്റ് രോഗികള്‍ കുട്ടികളെയും, ഗര്‍ഭിണികളായ സ്ത്രീകളെയും, രോഗികളെയും അക്രമിച്ചതും എന്‍എച്ച്എസ് മണ്ടത്തരങ്ങളുടെ കൂട്ടത്തില്‍ പെടുന്നു. രോഗാവസ്ഥ തിരിച്ചറിയുന്നതില്‍ നേരിട്ട കാലതാമസങ്ങള്‍ മൂലം രോഗികള്‍ മരണപ്പെട്ട സംഭവങ്ങള്‍ ഉള്‍പ്പെട്ട നൂറുകണക്കിന് കേസുകളും പട്ടികയിലുണ്ട്.
ഓരോ കുടുംബത്തിനും ശരാശരി 96,000 പൗണ്ട് വീതമാണ് സെറ്റില്‍മെന്റ് അനുവദിച്ചത്. മീഡിയേഷന്‍ ബോഡിയായ എന്‍എച്ച്എസ് റെസൊലൂഷന്‍ വഴി ചര്‍ച്ച ചെയ്താല്‍ നഷ്ടപരിഹാരം കൂടാതെ അവസാനിക്കുന്ന കേസുകളുമുണ്ട്. അതേസമയം നഷ്ടപരിഹാരം നല്‍കി സെറ്റില്‍ ചെയ്യുന്ന കേസുകള്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 30 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധനവാണ് നേരിട്ടത്.
ചികിത്സ ആരംഭിക്കാന്‍ ഗുരുതരമായി രോഗബാധിതരാകുന്നത് വരെ കാത്തിരുന്ന സംഭവങ്ങളില്‍ മാത്രം 30 മില്ല്യണ്‍ പൗണ്ട് ചെലവാക്കിയെന്നതാണ് ഇക്കുറി ഞെട്ടിക്കുന്ന കണക്ക്. ഡോക്ടര്‍മാരും, സ്‌പെഷ്യലിസ്റ്റുകളും രോഗികള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചത് ഉള്‍പ്പെടെ രോഗാവസ്ഥകള്‍ കണ്ണില്‍ പെടാതെ പോയിട്ടുണ്ട്.
നഴ്‌സുമാരുടെ പരിചരണത്തിലെ അപര്യാപ്തതയ്ക്ക് 106 കേസുകള്‍ ഒത്തുതീര്‍പ്പാക്കി. 2.6 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരവും നല്‍കി.