
















അടുത്ത ഏപ്രില്‍ മുതല്‍ സ്റ്റേറ്റ് പെന്‍ഷനില്‍ 4.8 ശതമാനം വര്‍ദ്ധന. പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന ട്രിപ്പിള്‍ ലോക്ക് തുടരുമെന്ന് ചാന്‍സലര്‍ ബജറ്റ് പ്രഖ്യാപനങ്ങളില്‍ സ്ഥിരീകരിച്ചതോടെയാണ് ഇത് വ്യക്തമായത്.
നിരക്കുകള്‍ ആഴ്ചയില്‍ 230.25 പൗണ്ടില്‍ നിന്നും 241.40 പൗണ്ടിലേക്കാണ് ഉയരുക. വര്‍ഷത്തില്‍ 12,548 പൗണ്ടിന് അടുത്തേക്ക് ഇത് എത്തും. 2016 ഏപ്രിലിന് ശേഷം സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം എത്തിയവര്‍ക്കാണ് ഇത് ലഭിക്കുന്നത്.
ഇതിന് മുന്‍പ് വിരമിച്ചവര്‍ക്ക് 4.8 ശതമാനം വര്‍ദ്ധനയാണ് ലഭിക്കുക. ആഴ്ചയില്‍ 176.45 പൗണ്ടില്‍ നിന്നും 184.90 പൗണ്ടിലേക്കാണ് നിരക്ക് വര്‍ദ്ധിക്കുക. ബേസിക് റേറ്റിലുള്ള ആളുകള്‍ മികച്ച ടോപ്പ് അപ്പാണ് ചാന്‍സലര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.
ട്രിപ്പിള്‍ ലോക്ക് ഈ പാര്‍ലമെന്റിന്റെ കാലയളവില്‍ പാലിക്കപ്പെടുമെന്നാണ് റീവ്‌സിന്റെ വാഗ്ദാനം. പണപ്പെരുപ്പം, ശരാശരി വരുമാന വളര്‍ച്ച, അല്ലെങ്കില്‍ 2.5 ശതമാനം, ഇതില്‍ ഏതാണോ വലുത് എന്ന നിലയിലാണ് ട്രിപ്പിള്‍ ലോക്ക് പ്രവര്‍ത്തിക്കുന്നത്.
അതേസമയം ഫുള്‍ ഫ്‌ളാറ്റ് റേറ്റ് സ്റ്റേറ്റ് പെന്‍ഷന്‍ പ്രകാരം ഇപ്പോള്‍ ആളുകള്‍ ഇന്‍കം ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധിക്ക് അരികിലേക്ക് എത്തിയിട്ടുണ്ട്. 12,570 പൗണ്ട് എന്ന പരിധി 2030/31 വരെ മരവിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ദശകത്തിന്റെ അവസാനത്തോടെ പത്ത് മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് ഇന്‍കം ടാക്‌സ് അടച്ച് തുടങ്ങേണ്ടി വരുമെന്നാണ് മുന്‍ പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ് ചൂണ്ടിക്കാണിക്കുന്നത്.