
















ബ്രിട്ടന്റെ വളര്‍ച്ച അടിയന്തരാവസ്ഥ നേരിടുകയാണെന്ന് സമ്മതിച്ച് ബിസിനസ്സ് സെക്രട്ടറി. ബജറ്റ് പ്രവചനങ്ങളില്‍ യുകെയുടെ സാധ്യതകള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കിയാണ് പീറ്റര്‍ കൈലിന്റെ കുറ്റസമ്മതം. ബജറ്റ് അവതരണം 24 മണിക്കൂര്‍ അകലെ നില്‍ക്കുമ്പോഴാണ് ലേബര്‍ ഗവണ്‍മെന്റിന്റെ ശിക്ഷിക്കപ്പെടുന്ന തരത്തിലുള്ള നികുതി നയങ്ങള്‍ രാജ്യത്ത് ധനം സൃഷ്ടിക്കുന്നവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതായി ബിസിനസ്സ് സെക്രട്ടറി വ്യക്തമാക്കുന്നത്.
ലേബര്‍ ഗവണ്‍മെന്റ് സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളിലേക്ക് വിരല്‍ചൂണ്ടിയുള്ള റിപ്പോര്‍ട്ടാകും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പുറത്തുവിടുകയെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വളര്‍ച്ച വേഗത കുറവും, അനിശ്ചിതാവസ്ഥകളും നേരിടുന്നതായി ഇതോടൊപ്പം ബിസിനസ്സ് സെക്രട്ടറി തന്നെ സമ്മതിക്കുകയും ചെയ്തത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത തിരിച്ചടിയാണ്.
ഇതിനിടെ ജോലി ചെയ്യാത്ത അഞ്ച് മില്ല്യണ്‍ ജനങ്ങള്‍ ബെനഫിറ്റുകളില്‍ സസുഖം ജീവിക്കുന്നുവെന്ന കണക്കുകളും പുറത്തുവരുന്നു. വെല്‍ഫെയര്‍ സ്‌പെന്‍ഡിംഗ് വര്‍ദ്ധിപ്പിക്കാനായി നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് റീവ്‌സ്. ഈ ഘട്ടത്തിലാണ് ആരോഗ്യമുള്ള സമയത്ത് കഠിനാധ്വാനം ചെയ്ത 10 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ ഇന്‍കം ടാക്‌സ് അടച്ചുതുടങ്ങേണ്ടി വരുന്ന ചതി ചെയ്യുന്നത്.
ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തിയാല്‍ ഈ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ലേബറിന്റെ ചില തീരുമാനങ്ങള്‍ ധനികരുടെയും, സംരംഭകരുടെയും പലായനത്തിലേക്ക് നയിച്ചതായി ബിസിനസ്സ് സെക്രട്ടറി സമ്മതിക്കുമ്പോഴാണ് കൂടുതല്‍ നികുതി പിടിച്ചെടുക്കലുകള്‍ക്ക് റീവ്‌സ് തയ്യാറെടുക്കുന്നത്.
ബെനഫിറ്റ് ബില്‍ നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് ഇപ്പോള്‍ ഇതിനായി കൂടുതല്‍ പണം ചെലവാക്കുന്നത്. ജോലിയെടുക്കുന്നവരില്‍ നിന്നും 15 ബില്ല്യണ്‍ പൗണ്ട് അധികം പിടിച്ചെടുത്താണ് ഇതിനുള്ള പണം ട്രഷറി കണ്ടെത്തുന്നതെന്നാണ് ആരോപണം.