
















ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമേകാന്‍ ബജറ്റില്‍ മിനിമം വേജ് വര്‍ദ്ധന പ്രഖ്യാപിക്കാന്‍ റേച്ചല്‍ റീവ്‌സ്. കുറഞ്ഞ വരുമാനത്തിലുള്ള ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് അടുത്ത വര്‍ഷം 4.1% ശമ്പളവര്‍ദ്ധന ലഭിക്കാന്‍ വഴിയൊരുക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മിനിമം വേജ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് റീവ്‌സ് സ്ഥിരീകരിച്ചു. നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മണിക്കൂറില്‍ 12.21 പൗണ്ട് എന്നത് 12.71 പൗണ്ടായാണ് ഉയരുക. ഇതുവഴി 2.4 മില്ല്യണ്‍ ജോലിക്കാരുടെ വാര്‍ഷിക വരുമാനത്തില്‍ 900 പൗണ്ട് വര്‍ദ്ധന ലഭിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നു.
18 മുതല്‍ 20 വയസ്സ് വരെ പ്രായമുള്ളവരുടെ മിനിമം വേജ് 8.5% വര്‍ദ്ധിച്ച് മണിക്കൂറിന് 10.85 പൗണ്ടിലേക്ക് എത്തും. എല്ലാ ജോലിക്കാര്‍ക്കും സമാനമായ നിരക്കില്‍ ശമ്പളമെന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. അതേസമയം യുവാക്കളുടെ നിരക്ക് ഉയര്‍ത്തുന്നതില്‍ ട്രഷറിക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ച് ഇവര്‍ക്ക് എന്‍ട്രി ലെവല്‍ ജോലികള്‍ ലഭിക്കാതാകുമെന്ന് ചില മമന്ത്രിമാരും, അധികൃതരും ആശങ്കപ്പെടുന്നു.
എന്നാല്‍ ഈ ആശങ്കകള്‍ തള്ളി ലോ പേ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് അപ്പാടെ സ്വീകരിക്കുകയായിരുന്നു. കുറഞ്ഞ വരുമാനം നേടുന്നവര്‍ക്ക് അവരുടെ ജോലിക്കുള്ള പ്രതിഫലം കിട്ടുമെന്ന് റീവ്‌സ് പറഞ്ഞു. 16 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്കും, അപ്രന്റീസ്ഷിപ്പുകള്‍ക്കും 6% വര്‍ദ്ധിച്ച് മിനിമം വേജ് മണിക്കൂറിന് 8 പൗണ്ടാകും. എന്നാല്‍ ബിസിനസ്സുകളെ സംബന്ധിച്ച് ഈ നീക്കം അധിക ഭാരമായി മാറും.