CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 53 Seconds Ago
Breaking Now

ജനങ്ങളെ മാത്രമല്ല, ക്യാബിനറ്റിനെയും വിഡ്ഢികളാക്കി; റീവ്‌സിനും, സ്റ്റാര്‍മര്‍ക്കും എതിരായി രോഷം നുരയുന്നു; വെല്‍ഫെയറുകള്‍ വര്‍ദ്ധിപ്പിക്കാനായി നികുതികള്‍ വര്‍ദ്ധിപ്പിച്ച ശേഷം എല്ലാം വെട്ടിക്കുറയ്ക്കാമെന്ന് പ്രധാനമന്ത്രി?

റേച്ചല്‍ റീവ്‌സ് രാജിവെയ്ക്കണമെന്ന മുറവിളി ഉയര്‍ന്നതോടെ പിടിച്ചുനില്‍ക്കാനായി വെല്‍ഫെയര്‍ ബില്‍ വെട്ടിക്കുറയ്ക്കാമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്

നികുതികള്‍ വര്‍ദ്ധിപ്പിക്കാനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ നുണപറഞ്ഞ കീര്‍ സ്റ്റാര്‍മറും, റേച്ചല്‍ റീവ്‌സും ഒപ്പമുള്ള ക്യാബിനറ്റ് അംഗങ്ങളെയും വിഡ്ഢികളാക്കിയെന്ന് ആരോപണം. നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള പിന്തുണ ലഭിക്കാനായി ഇവരെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് കുറ്റപ്പെടുത്തല്‍.

4.2 ബില്ല്യണ്‍ പൗണ്ട് അധിക തുക കൈവശം ഉണ്ടെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ചാന്‍സലറെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് സീനിയര്‍ മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. യോഗങ്ങളില്‍ ഉത്പാദന പ്രവചനങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്യുമെന്ന് ആവര്‍ത്തിച്ചാണ് നികുതി വര്‍ദ്ധനയ്ക്ക് ചാന്‍സലര്‍ കാരണം ബോധ്യപ്പെടുത്തിയിരുന്നത്. 

'ഒബിആര്‍ പ്രവചനങ്ങളുടെ നിജസ്ഥിതി ഒരുവട്ടം പോലും പറഞ്ഞില്ല. ഇത് പറഞ്ഞിരുന്നെങ്കില്‍ ഇന്‍കം ടാക്‌സും, മറ്റ് നികുതികളും വഴി പണം പിടുങ്ങാനുള്ള നീക്കത്തിന് എതിരെ നില്‍ക്കുമായിരുന്നു', ഒരു ക്യാബിനറ്റ് മന്ത്രി ടൈംസിനോട് പറഞ്ഞു. ബജറ്റ് കൈകാര്യം ചെയ്ത രീതി തുടക്കം മുതല്‍ ഒടുക്കം വരെ ദുരന്തമായിരുന്നുവെന്ന് ഈ മന്ത്രി വ്യക്തമാക്കുന്നു. 

റേച്ചല്‍ റീവ്‌സ് രാജിവെയ്ക്കണമെന്ന മുറവിളി ഉയര്‍ന്നതോടെ പിടിച്ചുനില്‍ക്കാനായി വെല്‍ഫെയര്‍ ബില്‍ വെട്ടിക്കുറയ്ക്കാമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യുന്ന ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് വെല്‍ഫെയറിനായി ബില്ല്യണുകള്‍ ഒഴുക്കുന്ന നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയപ്പോള്‍ മാത്രമാണ് ബെനഫിറ്റ് സിസ്റ്റം യുവാക്കളെ ജോലിക്ക് പോകുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്ന് സ്റ്റാര്‍മര്‍ സമ്മതിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.