CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 47 Seconds Ago
Breaking Now

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; സ്ത്രീകള്‍ക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേര്‍

വാളയാര്‍ അട്ടപ്പള്ളത്ത് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട കൊടും ക്രൂരതയാണ്.

പാലക്കാട് വാളയാറില്‍ അതിഥി തൊഴിലാളി ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ടു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മര്‍ദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ പങ്കാളികളായെന്നും ഇതില്‍ ചിലര്‍ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.

വാളയാര്‍ അട്ടപ്പള്ളത്ത് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട കൊടും ക്രൂരതയാണ്. രാംനാരായണന്റെ ശരീരത്തില്‍ ആസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം രാംനാരായണനെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാര്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം.

കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെച്ചു.

കള്ളന്‍ എന്ന് ആരോപിച്ചു മര്‍ദ്ദിച്ചു. പുറം മുഴുവന്‍ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയില്‍ ആയ രാമനാരായണനെ പോലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോള്‍ കള്ളന്‍ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാല്‍ രാംനാരായണന്‍ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു. പ്രദേശവാസികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുണ്ടായേക്കും

 




കൂടുതല്‍വാര്‍ത്തകള്‍.