
















വെനസ്വേലയിലെ അധിനിവേശത്തിന് പിന്നാലെ കൊളംബിയയെയും ലക്ഷ്യമിടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളംബിയയിലെ സര്‍ക്കാരിനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അത്തരമൊരു നടപടി തനിക്ക് നല്ലതായി തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു. കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും ട്രംപ് പ്രതികരിച്ചു.
'കൊളംബിയയെ നയിക്കുന്നത് കൊക്കെയ്ന്‍ നിര്‍മാണം ഇഷ്ടപ്പെടുന്ന, അത് അമേരിക്കയിലേക്ക് വില്‍ക്കുന്ന, രോഗിയായ ഒരാളാണ്. അദ്ദേഹം അധികനാള്‍ ഭരിക്കില്ല. ഓപ്പറേഷന്‍ കൊളംബിയ നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു', ട്രംപ് പറഞ്ഞു. ക്യൂബയ്ക്കെതിരെ ആക്രമണമുണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ക്യൂബ സ്വയം വീഴുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ക്യൂബയ്ക്കായുള്ള ആക്രമണത്തിനായി കാത്തിരിക്കൂവെന്ന് ട്രംപിന്റെ അനുയായിയും അമേരിക്കന്‍ സെനറ്ററുമായ ലിന്‍ഡ്സി ഗ്രഹാം പറഞ്ഞു. ക്യൂബ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ രാജ്യമാണെന്നും അവര്‍ ക്രിസ്ത്യാനികളെയും പുരോഹിതന്മാരെയും കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നും ഗ്രഹാം മുന്നറിയിപ്പ് നല്‍കി.
അതേസമയം വെനസ്വേലയില്‍ വീണ്ടും ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഇടക്കാല പ്രസിഡന്റായ ഡെല്‍സി റോഡ്രിഗസ് അമേരിക്കയെ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിക്കോളാസ് മഡുറോയുടെ വിധിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. എണ്ണയ്ക്ക് വേണ്ടിയാണോ അതോ ഭരണമാറ്റത്തിന് വേണ്ടിയാണോ വെനസ്വേലയിലെ ആക്രമണങ്ങളെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സമാധാനത്തിന് വേണ്ടിയെന്നായിരുന്നു ട്രംപിന്റെ മറുപടി. നിലവില്‍ അമേരിക്കന്‍ അധിനിവേശത്തില്‍ 40 ഓളം പേരാണ് വെനസ്വേലയില്‍ കൊല്ലപ്പെട്ടത്.
ജനുവരി മൂന്നിന് പുലര്‍ച്ചെയാണ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സേന ബന്ദിയാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. മറുഡോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.