CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 1 Seconds Ago
Breaking Now

'വെനസ്വേലയുടെ ഭരണം ഏറ്റെടുക്കില്ല'; ട്രംപിന്റെ പ്രസ്താവന തിരുത്തി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

മറുഡോയെയും ഭാര്യ സീലിയയെയും ബന്ദിയാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. വെനസ്വേലയുടെ ഭരണം ഏറ്റെടുക്കില്ലെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു. വെനസ്വേലയുടെ എണ്ണവില്‍പ്പനയില്‍ സമ്മര്‍ദം ചെലുത്തി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മാറ്റംകൊണ്ടുവരികയാണ് ലക്ഷ്യം. അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. മറുഡോയ്ക്കെതിരായ നടപടിക്ക് ശേഷം വെനസ്വേലയില്‍ ദീര്‍ഘകാല ഇടപെടലിന് അമേരിക്ക മുതിരുമോ എന്ന മറ്റ് രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് റൂബിയോയുടെ പ്രഖ്യാപനം എന്നാണ് വിലയിരുത്തുന്നത്.

മറുഡോയെയും ഭാര്യ സീലിയയെയും ബന്ദിയാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന. വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത നീക്കമാണ് അമേരിക്ക നടത്തിയതെന്നും ശരിയായ ഭരണ കൈമാറ്റം നടക്കുന്നതുവരെ വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന.

അതേസമയം മഡുറോയ്ക്കെതിരായ നടപടിക്ക് പിന്നാലെ വെനസ്വേലയില്‍ വ്യാപക സംഘര്‍ഷം അരങ്ങേറി. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെനസ്വേല വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമായി രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് നടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ബന്ദിയാക്കിയതിന് പിന്നാലെ മഡുറോയയെയും സീലിയയെയും ന്യൂയോര്‍ക്കില്‍ എത്തിക്കുകയും അവിടെ നിന്ന് കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന ബ്ലൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മഡുറോയെ ഇന്ന് മാന്‍ഹട്ടന്‍ കോടതിയില്‍ ഹാജരാക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.