
















ഈസ്റ്റ് ബെംഗളൂരുവില്‍ ടെക്കി യുവതിയെ നഗരത്തിലെ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. 18 കാരനായ കൊടക് സ്വദേശി കര്‍ണാല്‍ കുറെയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂര്‍ത്തി നഗറിലെ സുബ്രഹ്‌മണ്യലേഔട്ടിലെ ഫ്ളാറ്റിലായിരുന്നു ജനുവരി മൂന്നിന് 34കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിലെ തീപിടിത്തതിന് പിന്നാലെയായിരുന്നു ഷര്‍മിളയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആവാം തീപിടിത്തതിന് കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും വിശദമായ അന്വേഷണം ഷര്‍മിളയുടെ അയല്‍വാസിയായ യുവാവിലേക്ക് എത്തുകയായിരുന്നു.
ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് യുവാവ് യുവതിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറിയത്. സ്ലൈഡിങ് ജനാലയിലൂടെയാണ് വീട്ടിനകത്തേക്ക് കടന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികാതിക്രമം ഇര എതിര്‍ത്തതോടെ മര്‍ദിച്ചു. ബോധം പോയതോടെ യുവതിയുടെ മൂക്കും വായും കെട്ടി. പിന്നാലെ യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു.
തെളിവുകള്‍ നശിപ്പിക്കുന്നതിനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ കിടക്കയിലിട്ടശേഷം തീകൊളുത്തി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഷര്‍മിള ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. ജനുവരി മൂന്നിന് രാത്രി 10.15 നും 10.45 നും ഇടയിലാണ് യുവതിയുടെ ഫ്ളാറ്റില്‍ നിന്നും തീ ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫ്ളാറ്റിനകത്ത് കത്തികരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
സംഭവത്തില്‍ ഷര്‍മിളയുടെ സുഹൃത്ത് സംശയം പ്രകടിപ്പിച്ചതോടെ രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് കണ്ടെത്തി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അയല്‍വാസിയായ യുവാവിലേക്ക് എത്തിയത്. ജനുവരി 10 നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.