
















സിപിഐഎം നേതാവ് എ കെ ബാലനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കാറ്റത്ത് മുണ്ടുപൊങ്ങിപ്പോകുമ്പോള്‍ അടിയിലെ കാവി കളസം ഞങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നും ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ ആ മുണ്ട് തലയില്‍ ചുറ്റിയെന്നും കെ എം ഷാജി വിമര്‍ശിച്ചു. ബാലന്‍ കേരളത്തിലെ മതേതര സമൂഹത്തിന് മുന്നില്‍ ആഭാസ നൃത്തം ചവിട്ടുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. എ കെ ബാലന്റെ ജമാഅത്തെ ഇസ്ലാമി പരാമര്‍ശത്തിനെതിരെയായിരുന്നു ഷാജിയുടെ വിമര്‍ശനം.
ബാലന്‍ വിധേയന്‍ സിനിമയിലെ 'തൊമ്മി'യാണെന്നും ഷാജി പറഞ്ഞു. പിണറായി എന്ന ഭാസ്‌കര പട്ടേലരുടെ കീഴില്‍ നില്‍ക്കുന്ന തൊമ്മിയാണ് ബാലന്‍. പിണറായി കൊടുക്കുന്ന ഏത് വൃത്തികെട്ട ദൗത്യവും ബാലന്‍ ഏറ്റെടുക്കും എന്നും അത് ഇപ്പോള്‍ മാറാടാണെന്നും ഷാജി വിമര്‍ശിച്ചു. ബാലന്‍ മാറാട് ഓര്‍മിപ്പിക്കുന്നതിന് കാരണം മുഹമ്മദ് റിയാസിന്റെ നില മെച്ചപ്പെടുത്താനാണെന്നും ഷാജി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ റിയാസിന്റെ നില പരുങ്ങലിലാണ്. റിയാസിനെ രക്ഷിച്ചെടുക്കാനാണ് മാറാട് എന്ന പഴയ വേദനിക്കുന്ന ഓര്‍മയെ ബാലന്‍ വീണ്ടും പൊക്കിക്കൊണ്ടുവന്നത് എന്നും ഷാജി വിമര്‍ശിച്ചു.
എ കെ ബാലന്‍ പറഞ്ഞത് പച്ച ഇസ്ലാമോഫോബിയയാണെന്നും ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് ഇതുവരെ ഒരു പഞ്ചായത്ത് പോലും കിട്ടിയിട്ടില്ല. ജമാഅത്ത് എന്ന് പറയുന്നതിലൂടെ ബാലന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു മുസ്ലിം ആഭ്യന്തര മന്ത്രി ആകും എന്നതാണ്. ബാലന് അങ്ങനെ ആയിക്കൂടാ. കേരളത്തിലെ എല്ലാവരും ജമാഅത്തെ ഇസ്ലാമിയാണ് എന്നാണ് ബാലന്‍ പറയുന്നത് എന്നും ഷാജി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ബാലന്‍ നടത്തിയ പത്രസമ്മേളനത്തിനെതിരെയും ഷാജി രംഗത്തെത്തി. ജീവിതത്തില്‍ ഒരിക്കലും ലീഗുകാരായ തങ്ങള്‍ മതം നോക്കി കൂട്ടുകൂടിയിട്ടില്ലെന്നും ബാലന് അങ്ങനെ പറയേണ്ടിവരുന്ന ഗതികേട് ഒരു കമ്മ്യൂണിസ്റ്റിന് ഒരിക്കലും ചേരാത്തതാണ് എന്നും ഷാജി പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന.