
















യുകെയില്‍ പണപ്പെരുപ്പം വീണ്ടും തലപൊക്കി. അഞ്ച് മാസത്തിനിടെ ആദ്യമായി ഡിസംബറില്‍ പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിമാന നിരക്കും, പുകയില വിലകളും ചേര്‍ന്നാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.
നവംബറില്‍ 3.2 ശതമാനത്തിലേക്ക് പോയ ശേഷമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ദ്ധിച്ചതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. ഇതിന് മുന്‍പുള്ള മൂന്ന് മാസവും പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായിരുന്നു. 3.3% വരെ നിരക്ക് കൂടുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ.
എന്നാല്‍ തിരിച്ച് കയറിയ നിരക്കുകള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ഇരിക്കവെ ഈ പോക്ക് ആശ്വാസം നല്‍കുന്നില്ല. പലിശ കുറയ്ക്കാനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതായെന്നാണ് സിറ്റി ട്രേഡേഴ്‌സിന്റെ വാദം.
ക്രിസ്മസ് കാലത്ത് വിമാന യാത്രാ നിരക്കുകള്‍ പതിവായി ഉയരും. ഇതാണ് പണപ്പെരുപ്പത്തിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്. കൂടാതെ റേച്ചല്‍ റീവ്‌സിന്റെ ബജറ്റില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് ഡിസംബറില്‍ നിലവില്‍ വന്നിരുന്നു.