
















ഷോപ്പുകളില്‍ നിന്നും മോഷണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും അടിച്ചുമാറ്റലും, എതിര്‍ക്കുന്ന ജീവനക്കാരെ ഉപദ്രവിക്കുന്നതും പതിവാണ്. ഇതില്‍ ഭൂരിഭാഗം കേസുകളിലും യാതൊരു നടപടിയും ഉണ്ടാകാറുമില്ല. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ കേസ് അവസാനിപ്പിക്കുന്നു. ഇതിനിടയിലാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഹോം സെക്രട്ടറി നടപടിയെടുക്കുന്നത്.
പോലീസ് സേനകളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറവ് ഉണ്ടാകുമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച പോലീസ് പരിഷ്‌കാരം സംബന്ധിച്ച ധവളപത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. 1960-കള്‍ക്ക് ശേഷമുള്ള വമ്പന്‍ നടപടിയില്‍ 43 പോലീസ് സേനകള്‍ക്കിടയില്‍ ലയനങ്ങള്‍ അരങ്ങേറും.
എത്ര പോലീസ് സേനകള്‍ ബാക്കിയുണ്ടാകുമെന്ന് നിലവില്‍ ഉറപ്പായിട്ടില്ലെങ്കിലും, 10 സേനകളായി ചുരുങ്ങുമെന്നാണ് കരുതുന്നത്. കൊലപാതകം, സംഘടിത കുറ്റകൃത്യം പോലുള്ള കേസുകളില്‍ പുതിയ റീജ്യണല്‍ സേനകളായിരിക്കും സങ്കീര്‍ണ്ണമായ അന്വേഷണങ്ങള്‍ നടത്തുക.
കൂടാതെ നിലവില്‍ തലവേദനയായി മാറിയ ഷോപ്പ്‌ലിഫ്റ്റിംഗ്, മൊബൈല്‍ മോഷണം, സാമൂഹ്യവിരുദ്ധ പെരുമാറ്റം പോലുള്ള വിഷയങ്ങളില്‍ ലോക്കല്‍ പോലീസിംഗ് മേഖലകളും സൃഷ്ടിക്കുമെന്നാണ് സൂചന. ഈ ലയനങ്ങള്‍ വഴി പോലീസിന്റെ പ്രാദേശിക പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള ഫണ്ട് ലഭിക്കുമെന്നാണ് ഹോം ഓഫീസിന്റെ വിശ്വാസം.