
















മോര്‍ട്ട്‌ഗേജ് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷയമാണ് പലിശ നിരക്കുകള്‍ കുറയ്ക്കുകയെന്നത്. എന്നാല്‍ അത്ര വേഗത്തിലൊന്നും ഇനി പലിശ കുറയ്ക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉപദേശകരില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച തോതില്‍ പലിശ കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വെളിപ്പെടുത്തല്‍.
യുകെയിലെ വരുമാന വളര്‍ച്ച ശക്തമായി തുടരുന്നതും, യുഎസിലെ നിരക്ക് കുറയ്ക്കലുകളും ചേര്‍ന്നാണ് ഈ തടസ്സം സൃഷ്ടിക്കുന്നതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗം മെഗാന്‍ ഗ്രീന്‍ പറഞ്ഞു. യുകെയുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത് എംപിസിയാണ്. ഈ വര്‍ഷം ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ശക്തമായാണ് വേതനം വര്‍ദ്ധിക്കുന്നതെന്ന് ഗ്രീന്‍ വ്യക്തമാക്കി.
ഇത് ജനങ്ങള്‍ക്ക് സുഖമുള്ള കാര്യമാണെങ്കിലും മറുവശത്ത് പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തും. ഈ വര്‍ഷം 3.5% വരുമാന വളര്‍ച്ച നല്‍കാനാണ് സ്ഥാപനങ്ങള്‍ പദ്ധതിയിടുന്നതെന്ന് എംപ്ലോയര്‍ സര്‍വ്വെയിലൂടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണ്ടെത്തിയിരുന്നു.
വരുമാന വളര്‍ച്ച ശക്തമായി തുടര്‍ന്നാല്‍ പലിശ കുറയ്ക്കല്‍ എളുപ്പമാകില്ലെന്ന് മെഗാന്‍ ഗ്രീന്‍ പറയുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ വരുമാന വളര്‍ച്ച 4.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതിന് ശേഷം പുതുവര്‍ഷത്തില്‍ വളര്‍ച്ച വീണ്ടും ബലപ്പെടുമെന്നാണ് സൂചന.