
















കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിയായ ആശിഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആദ്യം സാധാരണ വാഹനാപകടമാണെന്ന് കരുതിയ സംഭവം പിന്നീട് പോലീസിന്റെ അന്വേഷണത്തിലാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. കാമുകനൊപ്പം ജീവിക്കാന്‍ ആശിഷിന്റെ ഭാര്യയായ അഞ്ജു കാമുകനായ സഞ്ജുവിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയും വാഹനാപകടാമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ആശിഷും അഞ്ജുവും ഒരു വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ ഒരു വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയും അപകടസ്ഥലത്തുതന്നെ ആശിഷ് മരിക്കുകയും അഞ്ജുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം അവരെ അബോധാവസ്ഥയില്‍ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
ആദ്യകാഴ്ചയില്‍ ഇതൊരു സാധാരണ ഹിറ്റ് ആന്‍ഡ് റണ്‍ കേസാണെന്ന് തോന്നിച്ചെങ്കിലും, മേഘാലയയിലെ വിവാദമായ 'ഹണിമൂണ്‍ കൊലപാതക' കേസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു അന്വേഷണ പുരോഗതി. മേഘാലയയില്‍ സോനം രഘുവംശി എന്ന സ്ത്രീ തന്റെ ഭര്‍ത്താവ് രാജ രഘുവംശിയെ ഹണിമൂണിനിടെ കൊലപ്പെടുത്തുകയും അതൊരു അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ജനുവരി 30-ന് രാത്രി 9 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ശ്രീ ഗംഗാനഗര്‍ പോലീസ് സൂപ്രണ്ട് അമൃത ദുഹാന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതികളെ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത വാഹനം ഇടിച്ചാണ് യുവാവ് മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം ലഭിച്ചതെന്നും, തങ്ങള്‍ അപകടസ്ഥലം പരിശോധിക്കുകയും സാങ്കേതികമായ തെളിവുകള്‍ക്കായി ഫോറന്‍സിക് ലാബ് സംഘത്തെ വിളിച്ചുവരുത്തുകയും ചെയ്തുവെന്ന് അമൃത ദുഹാന്‍ വ്യക്തമാക്കി.
താനും ഭര്‍ത്താവും വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു വാഹനം തങ്ങളെ ഇടിച്ചുവെന്നാണ് 23-കാരിയായ അഞ്ജു പോലീസിനോട് പറഞ്ഞത്. മാത്രമല്ല, തന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ അഞ്ജുവിന്റെ മൊഴിയും സംഭവസ്ഥലത്തെ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. ആശിഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ ശ്വാസംമുട്ടി മരിച്ചതാണെന്ന് തോന്നിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍പ്പെട്ടുവെന്ന് അവകാശപ്പെടുമ്പോഴും അഞ്ജുവിന് പരിക്കുകളൊന്നും ഏല്‍ക്കാതിരുന്നത് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വീടിന് അടുത്ത് താമസിക്കുന്ന സഞ്ജു എന്ന യുവാവുമായി അഞ്ജു നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്.
ആശിഷും അഞ്ജുവും മൂന്ന് മാസം മുമ്പാണ് വിവാഹിതരായത്. എന്നാല്‍ അഞ്ജു ഈ വിവാഹത്തില്‍ അതൃപ്തയായിരുന്നു. വൈകാതെ സ്വന്തം അഞ്ജു നാട്ടിലേക്ക് മടങ്ങി. അവിടെ വെച്ച് അവള്‍ തന്റെ മുന്‍ കാമുകനായ സഞ്ജുവുമായി വീണ്ടും അടുപ്പത്തിലായി. അഞ്ജു നാട്ടിലുണ്ടായിരുന്ന സമയത്താണ് ഇരുവരും ചേര്‍ന്ന് ആശിഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
പദ്ധതിയനുസരിച്ച്, അഞ്ജു ആശിഷിനെ നിര്‍ബന്ധിച്ച് ഒഴിഞ്ഞ ഒരു റോഡിലൂടെ നടത്താന്‍ കൊണ്ടുപോയി. ഈ സമയം സഞ്ജുവും കൂട്ടാളികളായ റോക്കി, ബാദല്‍, സിദ്ധാര്‍ത്ഥ് എന്നിവരും റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവര്‍ ആശിഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്ത ശേഷം ഇതൊരു അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ, സംഭവം ഒരു കവര്‍ച്ചയാണെന്ന് തോന്നിപ്പിക്കാനായി അഞ്ജു തന്റെ ഫോണും കമ്മലുകളും അക്രമികള്‍ക്ക് കൈമാറി.തുടര്‍ന്ന് അഞ്ജു റോഡില്‍ അബോധാവസ്ഥയിലെന്നപോലെ അഭിനയിക്കുകയായിരുന്നു. ആശിഷിന്റെ കഴുത്തിലെ മുറിവുകളാണ് സത്യം പുറത്തുകൊണ്ടുവന്നത്. കേസില്‍ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.