CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 15 Seconds Ago
Breaking Now

എന്റെ ശാഠ്യം പടത്തിന്റെ നല്ലതിന് വേണ്ടിയാണ്, ലാലേട്ടനും അത് സമ്മതിച്ചു; മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് അനൂപ് മേനോന്‍

മോഹന്‍ലാല്‍ - അനൂപ് മേനോന്‍ ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. പ്രണയവും വിരഹവും സംഗീതവും ചേര്‍ന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് സിനിമയെക്കുറിച്ചുള്ള യാതൊരു അപ്ഡേറ്റും പുറത്തുവന്നില്ല. തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അനൂപ് മേനോന്‍.

ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയ്ക്ക് അനുയോജ്യമായ ഒരു നിര്‍മാതാവ് എത്തിയാല്‍ മാത്രമേ അത് സംഭവിക്കൂ എന്ന് അനൂപ് മേനോന്‍ പറഞ്ഞു. ലാലേട്ടനും തന്റെ തീരുമാനത്തോട് യോജിക്കുന്നെന്നും മുഴുവന്‍ പ്രൊഡക്ഷനും ഹാപ്പിയാകുന്ന ഒരു സ്‌പേസില്‍ മാത്രമേ ആ സിനിമ സംഭവിക്കൂ എന്നും അനൂപ് മേനോന്‍ പറഞ്ഞു. 'കാരണം നന്നേ തുടക്ക ഘട്ടത്തിലാണ് ആ പ്രോജക്റ്റ്. അതിന്റെയൊരു കറക്റ്റ് പ്രൊഡക്ഷന്‍ വന്നാലേ അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ പറ്റൂ. അതിനകത്ത് ഉണ്ടായിരുന്ന ഒരു പ്രൊഡക്ഷന്‍ വര്‍ക്ക് ആയില്ല. അങ്ങനെയൊരു സാങ്കേതിക പ്രശ്‌നം അതിനകത്ത് നിലവിലുണ്ട്. അത് കൂടുതലും എന്റെ ശാഠ്യമാണ്. ആ ശാഠ്യം ആ പടത്തിന്റെ നല്ലതിന് ആണെന്ന് എനിക്ക് തോന്നുന്നു.

ലാലേട്ടനും പറയുന്നത് അതാണ്, നിര്‍മാതാവ് എന്ന നിലയില്‍ കറക്റ്റ് ആള് വരട്ടെ എന്ന്. അങ്ങനെയൊരു പ്രൊഡ്യൂസര്‍ വന്നാലേ ആ സിനിമ സംഭവിക്കൂ. അതിന് സമയമെടുക്കും. ഓടിപ്പിടിച്ച് ചെയ്യേണ്ട കാര്യമൊന്നും ഇല്ലല്ലോ. അദ്ദേഹത്തിന് ഒരുപാട് സിനിമകള്‍ ഉണ്ട്. എനിക്കും തല്‍ക്കാലം ഉരുണ്ട് പോകാനുള്ള സിനിമകള്‍ ഉണ്ട്. ഒരു വശത്തുകൂടെ ഞാനും പോകും. മുഴുവന്‍ പ്രൊഡക്ഷനും ഹാപ്പിയാകുന്ന ഒരു സ്‌പേസില്‍ മാത്രമേ ആ സിനിമ സംഭവിക്കൂ. ഈ വര്‍ഷം ചിലപ്പോള്‍ നടക്കാം. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആയിരിക്കാം. അതിന്റെ സമയത്ത് അത് നടക്കട്ടെ', അനൂപ് മേനോന്റെ വാക്കുകള്‍.

'അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുമുള്ള ഒരു സിനിമയാണിത്. നമുക്ക് ആഗ്രഹമുള്ള ഒരു ലാലേട്ടന്‍ തന്നെ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും നല്ല കാലഘട്ടം അതാണ്. സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ സിനിമയാണ് വലിയ ബജറ്റാണ്. സ്‌ക്രിപ്റ്റ് വര്‍ക്ക് പുരോഗമിക്കുകയാണ്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ അനൂപ് മേനോന്‍ പറഞ്ഞിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.