
















13 വയസ്സുകാരനായ ആണ്‍കുട്ടി ലണ്ടന്‍ സ്‌കൂളില്‍ നടത്തിയ കത്തി അക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവം തീവ്രവാദി അക്രമണമാണെന്നാണ് സംശയിക്കുന്നത്. ക്ലാസ്മുറിയില്‍ വെച്ച് ലഞ്ച് കഴിക്കാനുള്ള സമയത്തിന് തൊട്ടുമുന്‍പാണ് കൗമാരക്കാരന്‍ കത്തിയെടുത്ത് 13 വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്തിലും, പുറത്തും കുത്തിയിറക്കിയത്. 'അള്ളാഹു അക്ബര്‍' വിളിച്ച് കൊണ്ടായിരുന്നു അക്രമം എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.
ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ 12 വയസ്സുകാരനായ മറ്റൊരു ആണ്‍കുട്ടിയെയും അക്രമത്തിന് ഇരയാക്കി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ കിംഗ്‌സ്ബറി ഹൈ സ്‌കൂളിലാണ് ഭയന്നുനിലവിളിച്ച കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അക്രമി കത്തിക്കുത്ത് നടത്തിയത്.
സായുധ പോലീസ് സംഭവം അറിഞ്ഞ് എത്തുമ്പോഴേക്കും അക്രമി ഇവിടെ നിന്നും രക്ഷപ്പെട്ടു. ഒരു മണിക്കൂറിന് ശേഷമാണ് അടുത്തൊരു സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്. കൊലപാത ശ്രമം നടത്തിയതെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
അതേസമയം അക്രമി കിംഗ്‌സ്ബറി ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്നാണ് വിവരം. ഇതോടെ ഇയാള്‍ എങ്ങനെ ആയുധം ഒളിപ്പിച്ച് സ്‌കൂള്‍ കെട്ടിടത്തില്‍ കയറിയെന്ന ചോദ്യവും ഉയരുന്നു. അക്രമത്തില്‍ പരുക്കേറ്റ രണ്ട് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. ഇപ്പോള്‍ തീവ്രവാദ വിരുദ്ധ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പറഞ്ഞു.
തീവ്ര ആശയം മുന്‍നിര്‍ത്തിയുള്ള അക്രമമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നിരുന്നാലും കത്തിക്കുത്ത് ഭീകരാക്രമമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ അക്രമത്തിന് ഇരയാകുന്നുവെന്ന വാര്‍ത്ത കേട്ട് രക്ഷിതാക്കളും അങ്കലാപ്പിലായി.