
















2026 അവസാനത്തോടെ യുക്രെയിനിലേക്ക് ബ്രിട്ടീഷ് സൈന്യം എത്തുമെന്ന് പ്രഖ്യാപിച്ച് ഡിഫന്‍സ് സെക്രട്ടറി. റഷ്യന്‍ അധിനിവേശം തുടങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് സൈന്യത്തെ അയയ്ക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കുന്നത്. ഡിസംബറില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്നും ജോണ്‍ ഹീലി വ്യക്തമാക്കി.
ഉക്രെയിനിലേക്ക് ബ്രിട്ടീഷ് സൈന്യത്തെ നിയോഗിക്കുന്ന ഡിഫന്‍സ് സെക്രട്ടറി ഞാനായിരിക്കും. കാരണം ഇതുവഴി യുദ്ധത്തിന് അന്ത്യം കുറയ്ക്കാന്‍ കഴിയും. ഉക്രെയിനായി സമാധാനം നേടിക്കൊടുക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. യൂറോപ്പിന് സുരക്ഷിതമായ, പരമാധികാരമുള്ള ഉക്രെയിന്‍ ആവശ്യമാണ്, ജോണ്‍ ഹീലി പറഞ്ഞു.
ഈ യുദ്ധം അവസാനിക്കുന്ന വര്‍ഷമായി 2026 മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും ഡിഫന്‍സ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്‍ ഉക്രെയിനൊപ്പം ചുവടുറപ്പിച്ച് നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു. ഒരാഴ്ച കൊണ്ട് യുദ്ധം ജയിക്കാമെന്ന് കരുതിയ പുടിന്റെ വിശ്വാസം തകര്‍ത്ത ഉക്രെയിന്‍കാരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
2022 ഫെബ്രുവരി 24ന് കാണിച്ച അതേ ധൈര്യമാണ് നാല് വര്‍ഷത്തിനിപ്പുറവും ഉക്രെയിന്‍കാര്‍ പിന്തുടരുന്നത്. സൈനികരും, സാധാരണക്കാരും ഒരുപോലെ ഇത് പാലിക്കുന്നു. 2026 ഈ ദുരിതം പിടിച്ച യുദ്ധം തീരേണ്ട വര്‍ഷമായിരിക്കണം, ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി.